വോട്ടര്‍പട്ടിക പരിഷ്കരണത്തിലെ പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങി പാര്‍ലമെന്റിന്റെ അകവും പുറവും. ജനങ്ങളുടെ പ്രശ്നങ്ങള്‍ ഉന്നയിക്കാനാണ് തിരഞ്ഞെടുത്ത് പാര്‍ലമെന്റിലേക്ക് വിട്ടതെന്ന് സ്പീക്കറും രാജ്യസഭാധ്യക്ഷനും എംപിമാരെ ഓര്‍മ്മിപ്പിച്ചു. രാജ്യസഭയിൽ നടുത്തളത്തിൽ ഇറങ്ങുന്നതിനിടെ എംപിമാരും മാർഷൽമാരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.അതേസമയം ബിഹാറിലെ പരിഷ്കരിച്ച വോട്ടർ പട്ടികയുടെ കരട് ഇന്ന് പ്രസിദ്ധീകരിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടർപട്ടിക പരിഷ്കരിക്കുന്നതിന്റെ വേഗത കൂട്ടിയതോടെ ഇന്ത്യ സഖ്യം പ്രതിഷേധം കടുപ്പിച്ചു.പാര്‍ലമെന്റിന്റെ മകര കവാടത്തില്‍ പ്രതിഷേധിച്ച് തുടക്കം. രാജ്യസഭയിലും ലോക്സഭയിലും നടപടികൾ ആരംഭിച്ചയുടൻ നടുത്തളത്തിൽ ഇറങ്ങി. ജനങ്ങളുടെ പ്രശ്നങ്ങൾ ഉന്നയിക്കേണ്ട സമയമാണ് ഇല്ലാതാക്കുന്നതെന്നും ചോദ്യോത്തര വേള ഫലപ്രദമായി ഉപയോഗിക്കണമെന്നും ലോക്സഭാ സ്പീക്കറും രാജ്യസഭാ അധ്യക്ഷനും ഓർമ്മിപ്പിച്ചു. ഉയർത്തുന്നത് ജനങ്ങളുടെ ശബ്ദം തന്നെയാണെന്ന് പ്രതിപക്ഷ എംപിമാരുടെ മറുപടി.
ഇരു സഭകളിലും നടപടികൾ തടസ്സപ്പെട്ടു. ലോക്സഭയിൽ വിശദമായ ചർച്ച ആവശ്യപ്പെട്ട് ഇന്ത്യാസഖ്യം സ്പീക്കർക്ക് നൽകി. കരട് വോട്ടർ പട്ടികയിൽ നിന്ന് 64 ലക്ഷത്തോളം പേരാണ് പുറത്തുപോകുന്നത്. 7.89 കോടി വോട്ടർമാരിൽ 7.24 കോടി പേരുടെ എന്യൂമറേഷൻ ഫോമുകളാണ് കമ്മിഷനു ലഭിച്ചത്. സെപ്റ്റംബർ ഒന്നു വരെ തിരുത്തലിന് സമയമുണ്ട്.