ഐപിഎല്‍ ജേതാക്കള്‍ക്കുള്ള സ്വീകരണത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ദുരന്തത്തില്‍ നാലുപേര്‍ അറസ്റ്റില്‍. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍, ആര്‍സിബി, ഇവന്റ് മാനെജ്മെന്‍റ് കമ്പനി എന്നിവയുടെ പ്രതിനിധികളാണ് അറസ്റ്റിലായത്. വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും 11 പേര്‍ മരിക്കുകയും ഒട്ടേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
ആര്‍സിബി മാര്‍ക്കറ്റിങ് ഹെഡ് ആയ നിഖില്‍ സൊസാലെയെ മുംബൈയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ബെംഗളൂരു വിമാനത്താവളത്തില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിര്‍ദേശപ്രകാരമാണ് അറസ്റ്റ്. മനപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി ഇവര്‍ക്കെതിരെ നേരത്തെ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. അതീവഗുരുതരമായ സുരക്ഷാവീഴ്ചയും അലംഭാവവുമാണ് ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടി ബെംഗളൂരു പൊലീസ് കമ്മിഷണര്‍ ബി.ദയാനന്ദ ഉള്‍പ്പടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരെ സിദ്ധരാമയ്യ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.