സ്വര്‍ണവാള്‍ മുതല്‍ തങ്കക്കിരീടവും അരപ്പട്ടയും വരെ 27 കിലോ 558 ഗ്രാം സ്വര്‍ണം. ആയിരത്തിലേറെ കിലോ വെള്ളി, ആയിരത്തി അഞ്ഞൂറ് ഏക്കറിലേറെ ഭൂമി.. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടേതായി കര്‍ണാടകയിലുള്ള സ്വത്തുവകകള്‍ എല്ലാം ഇനി തമിഴ്നാട് സര്‍ക്കാരിന്. ബെംഗളൂരുവിലെ പ്രത്യേക സിബിഐ കോടതിയാണ് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പിടിച്ചെടുത്ത സ്വത്തുവകകള്‍ തമിഴ്നാട് സര്‍ക്കാരിന് ഔദ്യോഗികമായി കൈമാറിയത്. 1996ലാണ് ചെന്നൈ പോയസ് ഗാര്‍ഡനിലെ ജയയുടെ വസതി റെയ്ഡ് ചെയ്ത് സ്വത്ത് സിബിഐ പിടിച്ചെടുത്തത്.

image: x.com/barandbench

വിലയേറിയ രത്നം പതിച്ച തങ്കക്കിരീടമാണ് പുരട്ച്ചി തലൈവിയുടെ സ്വര്‍ണ ശേഖരത്തിലെ സവിശേഷമായത്. സ്വര്‍ണത്തില്‍ തീര്‍ത്ത വാളും മയില്‍രൂപത്തില്‍ തീര്‍ത്ത അരപ്പട്ടയും തിരികെ നല്‍കിയവയിലുണ്ട്. അമ്മകുഞ്ഞിനെയെടുക്കുന്നത് പോലെ കുഞ്ഞിനെ കൈയിലേന്തി നില്‍ക്കുന്ന ജയലളിതയുടെ വാത്സല്യമൂറുന്ന രൂപവും സ്വര്‍ണത്തില്‍ തീര്‍ത്തതില്‍ ഉള്‍പ്പെടുന്നു. ഇതിന് പുറമെ 11344 സാരികളും, 250 ഷാൾ, 750 ജോടി ചെരിപ്പും കൈമാറിയ കൂട്ടത്തിലുണ്ട്.

image: x.com/barandbench

ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കര്‍ണാടക വിധാന്‍ സൗധയിലെ ട്രഷറിയില്‍ നിന്നുമാണ് സമ്പാദ്യങ്ങളെല്ലാം തമിഴ്നാടിനെ ഏല്‍പ്പിച്ചത്. വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിനാണ് ഇതോടെ പരിസമാപ്തിയാകുന്നത്. ജയലളിതയുടെ സ്വത്തിന്‍മേല്‍ അവകാശം ഉന്നയിച്ച് അനന്തരവളും അനന്തരവനുമായ ദീപയും ദീപകും 2023 ല്‍ കോടതിയെ സമീപിച്ചിരുന്നു. ഇവരുടെ വാദം കോടതി തള്ളുകയായിരുന്നു. അഴിമതിക്കേസില്‍ പിടിച്ചെടുത്ത സ്വത്തുക്കളാണിതെന്നും അതുകൊണ്ട് ഇവ തമിഴ്നാട് സര്‍ക്കാരിന് അവകാശപ്പെട്ടതായിരുന്നുവെന്നുമാണ് കോടതി വിധിച്ചത്. കോടതി വിധിക്കെതിരെ ദീപയും ദീപകും കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സ്വത്ത് കൈമാറ്റം നീണ്ടുപോയത്. ഇരുവരുടെയും വാദം ജനുവരി 13ന് കര്‍ണാടക ഹൈക്കോടതിയും തള്ളി. പ്രത്യേക കോടതി വിധി ശരിവച്ചുകൊണ്ടുള്ളതായിരുന്ന ഹൈക്കോടതിയുടെയും നിലപാട്. ഇതോടെയാണ് സ്വത്ത് കൈമാറ്റം പൂര്‍ത്തിയായത്. 

ENGLISH SUMMARY:

A Bengaluru court has ruled that all confiscated assets of former Tamil Nadu CM Jayalalithaa, including 27 kg of gold, 1,000+ kg of silver, and over 1,500 acres of land, will be transferred to the Tamil Nadu government.