ferrari-beach

പുതുവര്‍ഷത്തലേന്ന് വിനോദസഞ്ചാരികള്‍ ബീച്ചിലേക്ക് ഓടിച്ചിറക്കിയ ആഡംബര സ്പോര്‍ട്സ് കാറായ ഫെറാറി മണലില്‍ പുതഞ്ഞു. മുംബൈയ്ക്കടുത്ത് ആലിബാഗ് നഗറിലാണ് സംഭവം. ബീച്ചില്‍ ഫെറാറിയെത്തിയത് കാണാന്‍ കൗതുകത്തോടെ ഓടിക്കൂടിയവര്‍ ചേര്‍ന്ന് മെല്ലെ കാര്‍ തള്ളി മാറ്റാനുള്ള ശ്രമമായി. കാര്‍ അനങ്ങിയില്ല. അപ്പോഴാണ് കാളവണ്ടി ബീച്ചിലൂടെ പോകുന്നത് കണ്ടത്. സഹായം അഭ്യര്‍ഥിച്ചതോടെ എന്നാല്‍ ഒരുകൈ നോക്കാമെന്നായി കാളവണ്ടിക്കാരന്‍. തുടര്‍ന്ന് കാളവണ്ടിയും ഫെറാറിയുമായി കയര്‍ കൊണ്ട് ബന്ധിപ്പിച്ചു. അനായാസം കാര്‍ റോഡിലേക്ക് കയറ്റുകയായിരുന്നു. 

പുതുവര്‍ഷത്തലേന്ന് പ്രഭാത സവാരിക്കായി എത്തിയ വിനോദസഞ്ചാരികളാണ് കാര്‍ ബീച്ചിലേക്ക് ഓടിച്ചിറക്കിയത്. പിന്നാലെ കാര്‍ പുതയുകയായിരുന്നു. കാറോടിച്ച് ബീച്ചിലിറക്കിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. കടലിലേക്ക് കാര്‍ ഇറക്കുന്നത് തടയുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് റായ്ഗഡ് പൊലീസ് അറിയിച്ചു. ബീച്ചിലെത്തിയവരില്‍  പലരും വിഡിയോ മൊബൈല്‍ ഫോണുകളില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതോടെ വൈറലാവുകയായിരുന്നു. 

ഇതാദ്യമായല്ല കാറിന്‍റെ രക്ഷകനായി കാളവണ്ടി എത്തുന്നത്. രാജസ്ഥാനില്‍ ഓടുന്നതിനിടെ തകരാറിലായ ഇലക്ട്രിക് കാറിനെയും വര്‍ക്ഷോപ്പിലേക്ക് എത്തിച്ചത് കാളവണ്ടിയായിരുന്നു. 

ENGLISH SUMMARY:

A Ferrari California T found itself embarrassingly stuck in the sand, only to be rescued by a bullock cart.