Border Road Organization (BRO) conducts snow clearance operations at the Srinagar Airport, in Srinagar on Saturday.
കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ശ്രീനഗർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി. തുടർച്ചയായ മഞ്ഞുവീഴ്ചയും ദൂരക്കാഴ്ചയും കുറവായതിനാല്‍ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി ശ്രീനഗർ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, ഉച്ചയോടെ ട്രെയിൻ സർവീസ് പുനഃസ്ഥാപിച്ചിട്ടുണ്ട്.
പിർ പഞ്ചൽ തുരങ്കത്തിനും ശ്രീനഗറിനും ഇടയിൽ നൂറുകണക്കിന് വാഹനങ്ങൾ കുടുങ്ങിയതിനെ തുടർന്ന് ശ്രീനഗർ- ജമ്മു ദേശീയ പാത അടച്ചു. കുടുങ്ങിക്കിടക്കുന്ന വാഹനങ്ങളെയും വിനോദസഞ്ചാരികളെയും ഒരു ദിവസം മുഴുവൻ അധ്വാനിച്ചാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. കുൽഗാമിലെയും അനന്ത്‌നാഗിലെയും ജില്ലാ മജിസ്‌ട്രേറ്റുകൾ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ ദുരിതാശ്വാസമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മേൽനോട്ടം നല്‍കുന്നുണ്ട്. പൊലീസ് ഉദ്യോഗസ്ഥരും സഹായങ്ങളുമായി രംഗത്തുണ്ട്.
കനത്ത മഞ്ഞുവീഴ്ച മൂലമുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി ഒമർ അബ്ദുള്ള മുതിർന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. തടസമില്ലാത്ത വൈദ്യുതി വിതരണം, റോഡുകൾ വൃത്തിയാക്കൽ, മെഡിക്കൽ സൗകര്യങ്ങള്‍ എന്നിവ ഉറപ്പാക്കാൻ നിര്‍ദേശമുണ്ട്. കശ്മീർ താഴ്‌വരയിലെ എല്ലാ ജില്ലാ ഭരണകൂടങ്ങളും റോഡുകള്‍ വൃത്തിയാക്കുന്നതിനായി ഷോ ക്ലിയറൻസ് മെഷീനുകൾ തയ്യാറാക്കിയിട്ടുണ്ട്.