അതിജീവനപ്രതീക്ഷകളെല്ലാം തകര്‍ത്ത് രാജസ്ഥാനിലെ അഞ്ചുവയസുകാരന്‍ മരണത്തിന് കീഴടങ്ങി. കുഴല്‍ക്കിണറില്‍ വീണ കുരുന്നിനെ 55 മണിക്കൂര്‍ നീണ്ട പ്രയത്നത്തിന് ശേഷം രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പുറത്തെടുക്കുമ്പോള്‍ തന്നെ കുട്ടി അബോധാവസ്ഥയിലായിരുന്നു. തീവ്രപരിചരണ വിഭാഗത്തിലായിരുന്ന കുട്ടി രാവിലെയോടെയാണ് മരിച്ചത്.
രാജസ്ഥാനിലെ ദൗസയില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് ആര്യന്‍ എന്ന അഞ്ചുവയസുകാരന്‍ കുഴല്‍ക്കിണറില്‍ വീണ് അപകടമുണ്ടായത്. വയലില്‍ കളിക്കുന്നതിനിടെ കാല്‍ വഴുതി കുട്ടി 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലേക്ക് പതിക്കുകയായിരുന്നു. വിവരമറിഞ്ഞ അധികൃതര്‍ സംസ്ഥാന– ദേശീയ ദുരന്തനിവാരണ സംഘങ്ങളുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഒരു മണിക്കൂര്‍ വൈകിയെങ്കിലും സമാന്തരമായി ഡ്രില്ലിങ് മെഷീനുകള്‍ ഉപയോഗിച്ച് ഭൂമി കുഴിച്ച് കുട്ടിക്കടുത്തെത്താനുള്ള ശ്രമങ്ങള്‍ എന്‍ഡിആര്‍എഫ് ഉടന്‍ തന്നെ ആരംഭിക്കുകയായിരുന്നു. പൈപ്പ് വഴി ഓക്സിജന്‍ കുട്ടിക്ക് എത്തിച്ചു നല്‍കി. തുടര്‍ന്ന് കാമറയിലൂടെ കുഴല്‍ക്കിണറില്‍ നിന്നുള്ള കുട്ടിയുടെ ചലനങ്ങള്‍ നിരീക്ഷിക്കുകയുമായിരുന്നു. 160 അടിയിലെത്തിയപ്പോഴേക്കും വെള്ളവും ഭൂമിക്കടിയില്‍ നിന്നുള്ള മൂടലും രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. ചൊവ്വാഴ്ചയോടെ കൂടുതല്‍ ഉപകരണങ്ങള്‍ സ്ഥലത്തെത്തിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.
സെപ്റ്റംബറില്‍ 35 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസുകാരിയെ 18 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൂടെ എന്‍ഡിആര്‍എഫ് പുറത്തെടുത്തിരുന്നു. 28 അടിയോളം താഴ്ചയിലാണ് പെണ്‍കുഞ്ഞ് കിടന്നിരുന്നത്. സമാന്തരമായി ഭൂമി കുഴിച്ചെത്തിയായിരുന്നു ഈ രക്ഷാപ്രവര്‍ത്തനം നടത്തിയത്.