
ദൗസയില്‍ നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ നിന്ന് (PTI)
രാജസ്ഥാനില്‍ കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസുകാരനെ പുറത്തെടുത്തു. 55 മണിക്കൂര്‍ നീണ്ട അശ്രാന്ത പരിശ്രമത്തിനൊടുവിലാണ് കുട്ടിയെ പുറത്തെടുത്തത്. അബോധാവസ്ഥയിലുള്ള കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യനില നിരീക്ഷിച്ച് വരികയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
രാജസ്ഥാനിലെ ദൗസയിലാണ് സംഭവം. തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് വയലില്‍ കളിക്കുന്നതിനിടെയാണ് ആര്യന്‍ എന്ന അഞ്ചുവയസുകാരന്‍ 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലേക്ക് വീണുപോയത്. ഒരു മണിക്കൂര്‍ വൈകിയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. സമാന്തരമായി ഡ്രില്ലിങ് മെഷീനുകള്‍ ഉപയോഗിച്ച് ഭൂമി കുഴിച്ച് കുട്ടിക്കടുത്തെത്താനുള്ള ശ്രമങ്ങള്‍ എന്‍ഡിആര്‍എഫ് ഉടന്‍ തന്നെ ആരംഭിക്കുകയായിരുന്നു. 160 അടിയോളമുള്ള വെള്വവും ഭൂമിക്കടിയില്‍ നിന്നുള്ള മൂടലും കുട്ടിയുടെ ചലനങ്ങള്‍ കാമറയിലൂടെ നിരീക്ഷിക്കുന്നതിനും അതനുസരിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനും വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചത്.
കുട്ടിക്ക് പൈപ്പ് വഴി ഓക്സിജന്‍ എത്തിച്ചു നല്‍കി. കാമറയിലൂടെ ഓരോ ചലനവും നിരീക്ഷിച്ചു. ചൊവ്വാഴ്ചയോടെ കൂടുതല്‍ ഉപകരണങ്ങള്‍ സ്ഥലത്തെത്തിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. സെപ്റ്റംബറില്‍ 35 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസുകാരിയെ 18 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൂടെ എന്‍ഡിആര്‍എഫ് പുറത്തെടുത്തിരുന്നു. 28 അടിയോളം താഴ്ചയിലാണ് പെണ്‍കുഞ്ഞ് കിടന്നിരുന്നത്. സമാന്തരമായി ഭൂമി കുഴിച്ചെത്തിയായിരുന്നു ഈ രക്ഷാപ്രവര്‍ത്തനം നടത്തിയത്.