ഭോപ്പാല്‍ വാതക ദുരന്തം ഉണ്ടായ ഭീതിയുടെ രാത്രിക്ക് ഇന്ന്  40 വയസ്സ്. 20,000 ത്തോളം പേരുടെ ജീവൻ അപഹരിച്ച ദുരന്തമെന്ന ഏകദേശ ധാരണകൾക്കപ്പുറം കൃത്യമായ കണക്കുകൾ ഇന്നുമില്ല.  നീതി നിഷേധിക്കപ്പെട്ട് കഴിയുന്ന ആ ജനതയെ ഓർക്കുകയാണ് ദുരന്തത്തിന്റെ ആഴം പുറംലോകത്തെ അറിയിച്ച പ്രശസ്ത ഫോട്ടോഗ്രഫർ രഘു റായ്.

നിഷ്കളങ്ക മുഖവും അടയാത്ത കണ്ണുകളുമായി പാതി മറവു ചെയ്യപ്പെട്ട ബാലികയെ ക്യാമറയിലേക്ക് പകർത്തുമ്പോൾ മനസിനെ പതറാതെ പിടിച്ചുനിർത്താനുള്ള ശ്രമത്തിൽ കൂടിയായിരുന്നു അന്നത്തെ ഇന്ത്യ ടുഡേ ഫോട്ടോഗ്രഫറായിരുന്ന രഘുറായ്.  കരളലിയിക്കുന്ന നിരവധി ചിത്രങ്ങളിൽ ഒന്നു മാത്രമായിരുന്നു ഇത്. 

1984 ഡിസംബര്‍ രണ്ട് രാത്രി. ഭോപ്പാലിലെ അമേരിക്കന്‍ കമ്പനിയായ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയിൽ നിന്ന് ചോർന്നത് 42 ടൺ മീഥൈൽ ഐസോസൈനേറ്റ്.  'ടാങ്കർ നമ്പർ 610ൽ വെള്ളം കയറിയതാണ് കാരണമെന്ന് പിന്നീട് വിശദീകരണങ്ങൾ വന്നു.  വിഷ വാതകത്തിന് വായുവിനെക്കാൾ കനം കൂടുതലായിരുന്നതിനാൽ ഉയർന്നു പൊങ്ങാതെ പരന്നൊഴുകി. ശ്വാസംമുട്ടി പേശികൾ വലിഞ്ഞുമുറുകി  ഓരോരുത്തരായി മരിച്ചു വീണു. 

രക്ഷാപ്രവർത്തനം എന്ന വാക്ക് അപ്രസക്തമായ രാത്രി. എങ്ങും മരണത്തിൻറെ നിശബ്ദത. മരിച്ച ഉറ്റവരുടെ മൃതദേഹങ്ങൾ ഏന്തി നടക്കുന്നവരായിരുന്നു എവിടെയും. കുറ്റവാളികൾക്ക് ശിക്ഷയും  ഇരകൾക്ക് സഹായവും ഉറപ്പാക്കാൻ പോരാട്ടങ്ങൾ പലതും നടന്നെങ്കിലും  എവിടെയും എത്തിയില്ല. ആ രാത്രിയിൽ പിടഞ്ഞുവീണ് മരിച്ചവർ ഭാഗ്യവാന്മാർ എന്ന് പറയുന്നിടത്തോളം നരകതുല്യമാണ് ഇരകളായവരുടെയും ശേഷമുള്ള തലമുറകളുടെയും ജീവിതം. 

ഭോപ്പാൽ ദുരന്തത്തിന്റെ നടുക്കുന്ന ഓർമ്മകളിൽ  നാലു പതിറ്റാണ്ട് സഞ്ചരിച്ചിട്ടും രാജ്യം എന്ത് പഠിച്ചു? വ്യവസായിക ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്ത് നടപടി സ്വീകരിച്ചു ? ഇരകൾക്ക് നീതി എങ്ങനെ ഉറപ്പാക്കും? ഉത്തരമില്ലാത്ത ചോദ്യങ്ങൾ  നീണ്ടുപോകുന്നു.

ENGLISH SUMMARY:

Today marks 40 years since the tragic Bhopal gas disaster, a night of terror that claimed approximately 20,000 lives, though exact figures remain elusive. Renowned photographer Raghu Rai, who brought the depth of the tragedy to global attention, continues to remind the world of the community that still awaits justice.