ഹരിദ്വാറിലെ മാനസ ദേവി ക്ഷേത്രത്തിന് സമീപത്തുള്ള കുന്നിന്‍ മുകളില്‍ നിന്നും റീല്‍സ് എടുക്കുന്നതിനിടെ കാല്‍തെറ്റി കൊക്കയിലേക്ക് വീണ യുവതിക്ക് ഗുരുതര പരുക്ക്. മുസാഫർനഗർ ജനക്പുരിയിൽ നിന്നുള്ള രേഷു എന്ന 28 കാരിയാണ് കാല്‍തെറ്റി 70 മീറ്റർ താഴ്ചയിലേക്കു വീണത്. ശനിയാഴ്ച രാവിലെയാണ് സംഭവം.
കുടുംബത്തോടൊപ്പം ഹരിദ്വാറിലെ പ്രസിദ്ധമായ മാനസ ദേവി ക്ഷേത്രം സന്ദർശിക്കാൻ എത്തിയതായിരുന്നു യുവതി. ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം റീല്‍ എടുക്കുന്നതിനിടെയാണ് അപകടം. അപകടം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ നാട്ടുകാരും തീര്‍ഥാടകരും ചേര്‍ന്ന് യുവതിയെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും വിദഗ്ധ ചികിത്സയ്ക്കായി ഋഷികേശിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് (എയിംസ്) മാറ്റുകയും ചെയ്തും. യുവതിയുടെ നില ഗുരുതരമായി തുടരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
മാൻസ ദേവി ഹില്‍സിന്‍റെ ചെങ്കുത്തായ ചരിവില്‍ നിന്നാണ് യുവതി താഴേക്കുവീണത്. ക്ഷേത്രം സന്ദര്‍ശിക്കാനെത്തുന്നവരുടെ ഇഷ്ട ഇടമാണിത്. നിരവധി പേരാണ് ഇവിടെയെത്തി ചിത്രങ്ങള്‍ പകര്‍ത്താറുള്ളത്. അതേസമയം, കുന്നിന്‍ മുകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും തീര്‍ത്ഥാടകരും വിനോദസഞ്ചാരികളും ഇവ അവഗണിച്ച് സാഹസികമായി ഫോട്ടോ എടുക്കുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇനിയും അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഇത്തരം പ്രദേശങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.