image: x.com/bykarthikreddy

image: x.com/bykarthikreddy

വാഹന പരിശോധനയ്ക്കായി വണ്ടി ഒതുക്കി നിര്‍ത്താന്‍ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെ യുവാവ് വാഹനമിടിപ്പിച്ച് ബോണറ്റില്‍ കയറ്റി. കര്‍ണാടകയിലെ ശിവമോഗ ജില്ലയിലാണ് സംഭവം. കേബിള്‍ ഓപ്പറേറ്ററായ മിഥുന്‍ ജഗ്​ദാലെയാണ് അപകടകരമായി വാഹനമോടിച്ച് അതിക്രമം കാണിച്ചത്. 

സഹ്യാദ്രി കോളജിന് മുന്നില്‍ വ്യാഴാഴ്ച രണ്ടുമണിയോടെയായിരുന്നു സംഭവം. പതിവ് വാഹന പരിശോധനയ്ക്കിടെയാണ് ഭദ്രാവതി ഭാഗത്ത് നിന്നും അമിതവേഗത്തിലെത്തിയ കാര്‍ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ കൈ കാണിച്ച് റോഡിന്‍റെ വശത്തേക്ക് ഒതുക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. കാര്‍ ഒതുക്കി നിര്‍ത്തുന്നതിന് പകരം വേഗത കൂട്ടി പൊലീസുകാരനെ ഇടിപ്പിക്കുകയാണ് മിഥുന്‍ ചെയ്തത്. ഇതോടെ നിലത്ത് വീഴാതിരിക്കാനായി ഉദ്യോഗസ്ഥന്‍ ഗ്ലാസില്‍ അള്ളിപ്പിടിച്ച് നിന്നു. 100 മീറ്ററോളം ഇത്തരത്തില്‍ വലിച്ചിഴച്ച ശേഷം മിഥുന്‍ കാറുമായി കടന്നുകളയുകയായിരുന്നു. നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മിഥുനെ അറസ്റ്റ് ചെയ്ത പൊലീസ് കാറും കസ്റ്റഡിയിലെടുത്തു. 

സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചു. പൊലീസുകാരുടെ ജീവനെന്താണ് വിലയെന്ന് പലരും വിഡിയോയ്ക്ക് ചുവടെ കുറിച്ചിട്ടുണ്ട്. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് പിഴ ശിക്ഷ മാത്രം പോരെന്നും കടുത്ത നടപടിയുണ്ടാകണമെന്നും മറ്റ് ചിലരും അഭിപ്രായപ്പെടുന്നു. 

Google News Logo Follow Us on Google News

ENGLISH SUMMARY:

Karnataka man drags traffic cop for 100 meters on car's bonnet during usual check.