ലോക ആത്മഹത്യാ പ്രതിരോധ ദിനത്തിൽ ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിക്ക് രക്ഷകനായി ലോക്കോപൈലറ്റ്. ബിഹാറിലെ മോതിഹാരിയിലാണ് സംഭവം. ഈസ്റ്റ് സെൻട്രൽ റെയിൽവേയിലെ മുസാഫർപൂർ- നർകതിയാഗഞ്ച് സെക്ഷനിലെ ചകിയ റെയിൽവേ സ്റ്റേഷന്‍ പരിധിയിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ റെയില്‍വെ ട്രാക്കില്‍ കണ്ടെത്തിയത്.
സെപ്തംബര്‍ 10 ചൊവ്വാഴ്ച രാവിലെ 7 മണിയോടെ ബാപുധാം മോത്തിഹാരി-പട്ലിപുത്ര പാസഞ്ചർ ട്രെയിൻ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്നതിനിടെയാണ് സ്‌കൂൾ ബാഗുമായി പാളത്തിൽ കിടക്കുന്ന പെൺകുട്ടിയെ ലോക്കോ പൈലറ്റ് അരുൺ കുമാര്‍ ശ്രദ്ധിക്കുന്നത്. ഉടൻ തന്നെ എമർജൻസി ബ്രേക്ക് അമർത്തി ട്രെയിൻ നിർത്തി കുട്ടിയെ രക്ഷിക്കുകയായിരുന്നു.
ട്രെയിന്‍ നിര്‍ത്തി ഇറങ്ങിയ ലോക്കോപൈലറ്റ് ഉടന്‍ പെണ്‍കുട്ടിക്ക് അരികിലേക്ക് ഓടിയെത്തി. ലോക്കോ പൈലറ്റ് പലതവണ അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും പെണ്‍കുട്ടി അനങ്ങിയില്ല. തനിക്ക് മരിക്കണം എന്ന് ആവര്‍ത്തിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം നാട്ടുകാരുടെ സഹായം തേടുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ പെൺകുട്ടിയെ ബലമായി ട്രാക്കിൽ നിന്ന് മാറ്റി.
ലോക്കോ പൈലറ്റിന്‍റെ അവസരോചിതമായ ഇടപെടലാണ് പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിച്ചതെന്ന് ബാപുധാം മോതിഹാരി സ്റ്റേഷൻ സൂപ്രണ്ട് ദിലീപ് കുമാർ പറഞ്ഞു. അതേസമയം, പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചതിന് കാരണമെന്തെന്ന് വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.