അപസ്മാര രോഗിയായ യുവാവിനെ 'പിശാചുബാധ' ആരോപിച്ച് പാസ്റ്ററും കൂട്ടാളികളും അടിച്ചു കൊന്നുവെന്ന് പരാതി. പഞ്ചാബിലെ ഗുര്‍ദാസ്പുറിലാണ് സംഭവം. സാമുവല്‍ മസി(30)യെന്ന യുവാവാണ് കൊല്ലപ്പെട്ടത്. കുടുംബാംഗങ്ങളുടെ പരാതിയില്‍ പാസ്റ്ററായ ജേക്കബ് മസിക്കും എട്ട് കൂട്ടാളികള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.
തുടര്‍ച്ചയായി അപസ്മാര ബാധയുണ്ടായതോടെ ജേക്കബ് മസിയെ യുവാവിന്‍റെ കുടുംബാംഗങ്ങള്‍ വിളിച്ചു വരുത്തി പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ടു. പ്രാര്‍ഥിക്കാനെത്തിയ ജേക്കബ് മസി, യുവാവിനെ പിശാച് ബാധിച്ചിരിക്കുകയാണെന്നും ശരീരത്ത് കൂടിയിരിക്കുന്ന ബാധയെ ഒഴിപ്പിക്കാന്‍ അടിക്കാനും ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് കൂട്ടാളികള്‍ സാമുവലിനെ അടിച്ചവശനാക്കി. കുടുംബാംഗങ്ങള്‍ എത്തിയപ്പോള്‍ കട്ടിലില്‍ സാമുവല്‍ മരിച്ച നിലയില്‍ കിടക്കുകയായിരുന്നു.
യുവാവിന്‍റെ മൃതദേഹം മറവ് ചെയ്തതിന് പിന്നാലെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി കോടതി നിര്‍ദേശ പ്രകാരം മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്തു. കുറ്റാരോപിതര്‍ക്കെതിരെ ഭാരതീയ ന്യായ് സംഹിത അനുസരിച്ചുള്ള വകുപ്പുകള്‍ ചുമത്തി കേസ് റജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.