ഭാര്യയെ ഫോണിലൂടെ മുത്തലാഖ് ചൊല്ലി ഒഴിവാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. രാജസ്ഥാന്‍ സ്വദേശിയായ റഹാമാനെന്ന യുവാവാണ് കുവൈത്തില്‍ നിന്നും വിമാനമിറങ്ങുന്നതിനിടെ പിടിയിലായത്. പാക്ക് വനിതയെ വിവാഹം കഴിക്കുന്നതിനായാണ് ഇയാള്‍ ഫോണിലൂടെ മുത്തലാഖ് ചൊല്ലിയതെന്ന് പൊലീസ് പറയുന്നു.
റഹ്മാന്‍റെ ഭാര്യയായ ഫരീദ ബാനുവിന്‍റെ പരാതിയിലാണ് ഹനുമാന്‍ഗഡ് പൊലീസ് കേസെടുത്ത് റഹ്മാനെ അറസ്റ്റ് ചെയ്തത്. സ്ത്രീധനം ആവശ്യപ്പെട്ട് റഹ്മാന്‍ തന്നെ പീഡിപ്പിച്ചുവെന്നും അത് നല്‍കാതിരുന്നതോടെ മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തിയതായി അറിയിക്കുകയും ചെയ്തെന്നാണ് ഫരീദയുടെ പരാതിയില്‍ പറയുന്നത്.
തിങ്കളാഴ്ച കുവൈത്തില്‍ നിന്നും ജയ്പുര്‍ വിമാനത്താവളത്തിലെത്തിയ റഹ്മാനെ ഹനുമാന്‍ഗഡ് പൊലീസ് അറസ്റ്റ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രാഥമികാന്വേഷണത്തിന് പിന്നാലെ ഇയാളുടെ അറസ്റ്റും രേഖപ്പെടുത്തി. 2011ലാണ് റഹ്മാന്‍ ഫരീദയെ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ഇവര്‍ക്കൊരു മകനും മകളുമുണ്ട്.
സമൂഹമാധ്യമത്തിലൂടെയാണ് പാക്ക് വനിതയായ മെഹ്വിഷിനെ റഹ്മാന്‍ പരിചയപ്പെട്ടത്. ഇവരെ സൗദിയില്‍ വച്ച് വിവാഹം കഴിക്കുകയും ചെയ്തു. കഴിഞ്ഞ മാസം സന്ദര്‍ശക വീസയില്‍ ഇന്ത്യയിലെത്തിയ യുവതി നിലവില്‍ റഹ്മാന്‍റെ മാതാപിതാക്കള്‍ക്കൊപ്പമാണ് ജീവിക്കുന്നത്.