ബാര്‍ബിക്യൂ ചിക്കന്‍ പാകം ചെയ്തുകഴിച്ച ശേഷം അടുപ്പിലെ തീ കെടുത്താതെ ഉറങ്ങിയ രണ്ട് യുവാക്കള്‍ മരിച്ചു. കഴിഞ്ഞ ശനിയാഴ്ച കൊടൈക്കനാലിലെ ചിന്നപള്ളത്താണ് സംഭവം. ട്രിച്ചിയില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്കാണ് അപകടം സംഭവിച്ചത്. മറ്റ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ചിന്നപള്ളത്ത് ഹോട്ടലില്‍ മുറിയെടുത്തു താമസിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ചാര്‍ക്കോള്‍ അടുപ്പും മദ്യവും കൊണ്ടാണ് യുവാക്കള്‍ ഹോട്ടല്‍ മുറിയിലെത്തിയതെന്ന് പൊലീസ് പറയുന്നു. ബാര്‍ബിക്യൂ ചിക്കന്‍ പാകം ചെയ്ത് മദ്യത്തിനൊപ്പം കഴിച്ച ശേഷം അടുപ്പ് കെടുത്താതെയാണ് യുവാക്കള്‍ കിടന്നുറങ്ങിയത്. മുറിയില്‍ കടുത്ത തണുപ്പ് അനുഭവപ്പെട്ടതുകൊണ്ടാണ് അടുപ്പ് കെടുത്താതിരുന്നതെന്നാണ് പൊലീസിന്റെ നിഗമനം.
ആനന്ദ് , ജയകണ്ണന്‍ എന്നിവരാണ് വിഷപ്പുക ശ്വസിച്ച് മരിച്ചത്. നേരം വെളുത്തിട്ടും സുഹൃത്തുക്കളെ കാണാതിരുന്നതോടെ മുറിയിലേക്ക് അന്വേഷിച്ചെത്തിയ മറ്റ് സുഹൃത്തുക്കളാണ് ഇരുവരെയും അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ 108 ആംബുലന്‍സിനെ അറിയിക്കുകയും പിന്നാലെ പാരാമെഡിക്കല്‍ ടീം സ്ഥലത്തെത്തി ഇരുവരുടെയും മരണം സ്ഥിരീകരിക്കുകയുമായിരുന്നു. സംഭവത്തില്‍ കൊടൈക്കനാല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.