Deepak Sharma

TOPICS COVERED

തോക്കുമായി നൃത്തം ചെയ്ത വിഡിയോ വൈറലായതിന് പിന്നാലെ തിഹാർ ജയിൽ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. തിഹാർ ജയിലിന് കീഴിലുള്ള മണ്ഡോലി ജയിലിലെ അസിസ്റ്റന്‍റ് സൂപ്രണ്ട് ദീപക് ശർമ്മയ്ക്കെതിരെയാണ് നടപടി. ജയിൽ സൂപ്രണ്ടിന്‍റെ നേതൃത്വത്തിൽ ജയിൽ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ വൈറലായ പതിനെട്ട് സെക്കന്‍റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വിഡിയോയില്‍ മറ്റ് മൂന്ന് പേർക്കൊപ്പം കൈയിൽ തോക്കുമായി 'ഖൽനായക് ഹൂൻ മെയ് ' എന്ന ബോളിവുഡ് ഗാനത്തിന് ദീപക് ശർമ്മ നൃത്തം ചെയ്യുന്നതായി കാണാം. നൃത്തത്തിനിടയില്‍ തോക്കെടുത്ത് മുന്നിലുള്ള ആളിന് നേരെ ചൂണ്ടുന്നതും ദൃശ്യങ്ങളിലുണ്ട്. വിഡിയോ ഡൽഹി ജയിൽ വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടതോടെയാണ് നടപടി.

പാര്‍ട്ടിയില്‍ ഇയാള്‍ ആകാശത്തേക്ക് വെടിയുതിർത്തതായി ദൃക്‌സാക്ഷികൾ പറഞ്ഞിരുന്നെങ്കിലും ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് ദീപക് ശർമ്മയെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ 4.4 ലക്ഷം ഫോളോവേഴ്‌സുള്ള ഇയാള്‍ പലപ്പോഴും വർക്കൗട്ട് വീഡിയോകൾ പോസ്റ്റ് ചെയ്യാറുണ്ട്.

ENGLISH SUMMARY:

Tihar jail officer suspended after video of him dancing with gun goes viral