46 വര്‍ഷങ്ങള്‍ക്ക് ശേഷം പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്നഭണ്ഡാരം തുറന്നു. കണക്കെടുപ്പിനും അറ്റകുറ്റപ്പണിക്കുമായിട്ടാണ് സംസ്ഥാന സര്‍ക്കാറിന്‍റെ നേതൃത്വത്തില്‍ നിലവറ തുറന്നത്. 1978 ലാണ് ഭണ്ഡാരം അവസാനമായി തുറന്നത്.

11 അംഗ സംഘമാണ് നിലവറ തുറന്ന് അകത്ത് പ്രവേശിച്ചത്. ഒഡീഷ ഹൈക്കോടതി ജഡ്ജി ബിശ്വനാഥ് രഥ്, ശ്രീ ജഗന്നാഥ ക്ഷേത്ര അഡ്മിനിസ്‌ട്രേഷൻ (എസ്‌ജെടിഎ) ചീഫ് അഡ്മിനിസ്‌ട്രേറ്റർ അരബിന്ദ പാധി, എഎസ്ഐ സൂപ്രണ്ട് ഡിബി ഗദനായക്, പുരി രാജകുടുംബത്തിന്‍റെ പ്രതിനിധി എന്നിവരടക്കമുള്ള സംഘമാണ് ഭണ്ഡാരം തുറന്നത്.

ഞായറാഴ്ച ഉച്ചയ്ക്കാണ് ഭണ്ഡാരം തുറന്നത്. കോടതി നിയോഗിച്ച സംഘത്തോടൊപ്പം പാമ്പുപിടുത്തക്കാരും ഉള്ളില്‍ പ്രവേശിച്ചിരുന്നു. മൂന്ന് താക്കോലുകള്‍ ഉപയോഗിച്ച് പൂട്ടിയ പുറത്തെ അറയാണ് ആദ്യം തുറന്നത്. അകത്തെ അറയുടെ താക്കോല്‍ നഷ്ടപ്പെട്ടിരുന്നു. ഈ അറയുടെ പൂട്ട് തകർത്താണ് അകത്തു കയറിയത്. നാല് മരപ്പെട്ടികളിലായി സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള സാധനങ്ങൾ സംഘം അവിടെ നിന്ന് ക്ഷേത്രപരിസരത്തുള്ള താൽക്കാലിക സ്‌ട്രോങ് റൂമിലേക്ക് മാറ്റി. സമയക്കുറവുമൂലം പെട്ടികള്‍ തുറന്നിട്ടില്ല. അതിനാല്‍ കൃത്യമായ കണക്കുകളറിയാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.

നിലവറയ്ക്കുള്ളില്‍....

ക്ഷേത്രത്തിലേക്ക് വഴിപാടായി ലഭിച്ച സ്വര്‍ണവും രത്നങ്ങളും അടങ്ങുന്ന അമൂല്യ സമ്പത്താണ് ഭണ്ഡാരത്തിലുള്ളത്. ഒഡീഷ മാഗസീന്‍ പറയുന്നതനുസരിച്ച്, ഒഡീഷയുടെ രാജാവായിരുന്ന അനംഗഭീമ ദേവ് മൂന്നാമൻ ഭഗവാന് ആഭരണം നിര്‍മിക്കാനായി നല്‍കിയ 250 കിലോയിലധികം വരുന്ന സ്വര്‍ണമടക്കം നിലവറയിലുണ്ട്. ഗജപതി കപിലേന്ദ്ര ദേവിനെപ്പോലുള്ള മറ്റ് രാജാക്കന്‍മാരും സ്വർണ്ണവും ആഭരണങ്ങളും പാത്രങ്ങളും സംഭാവന ചെയ്തതായി പന്ത്രണ്ടാം നൂറ്റാണ്ടിലെ രേഖകളില്‍ പറയുന്നു.

ബ്രിട്ടിഷ് കാലത്താണ് ഭണ്ഡാരത്തിലെ സ്വത്തിന്‍റെ ഔദ്യോഗിക കണക്കു തയാറാക്കിയത്. 1805 ജൂൺ 10ന് അന്നത്തെ പുരി കലക്ടർ ചാൾസ് ഗ്രോം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് പ്രകാരം, 64 സ്വർണ- വെള്ളി ആഭരണങ്ങൾ, 128 സ്വർണ നാണയങ്ങൾ, 24 സ്വർണപ്പതക്കങ്ങൾ, 1297 വെള്ളി നാണയങ്ങൾ, 106 ചെമ്പു നാണയങ്ങൾ, 1333 തരം വസ്ത്രങ്ങൾ എന്നിവ നിലവറയിലുണ്ട്. 1952 ൽ ശ്രീ ജഗന്നാഥ ക്ഷേത്ര ഭരണനിയമം നിലവിൽ വന്നപ്പോൾ റെക്കോർഡ് ഓഫ് റൈറ്റ്സ് തയാറാക്കിയതില്‍ സൂചിപ്പിച്ചിരിക്കുന്നത് 150 സ്വർണാഭരണങ്ങളും 180 മറ്റ് ആഭരണങ്ങളും 146 വെള്ളി വസ്തുക്കളുമാണ്.

പുരി ജഗന്നാഥ ക്ഷേത്ര സമുച്ചയത്തിൽ ജഗമോഹനത്തിന്റെ (അസംബ്ലി ഹാൾ) വടക്കുഭാഗത്തായി 60 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണു ‌രത്നഭണ്ഡാരം. 11.78 മീറ്റർ ഉയരമുള്ള ഭണ്ഡാരത്തിന് 8.79 മീറ്റർ നീളവും 6.74 മീറ്റർ വീതിയുമുണ്ട്. ബഹാര ഭണ്ഡാർ (പുറത്തെ അറ), ഭിതാര ഭണ്ഡാർ  (അകത്തെ അറ) എന്നിങ്ങനെ രണ്ട് അറകളാണുള്ളത്.

രത്നഭണ്ഡാരത്തിലെ സ്വത്തിന് പുറമെ, ജഗന്നാഥ ക്ഷേത്രത്തിന്റെ പേരിൽ ബാങ്കിൽ 600 കോടിയോളം രൂപയുടെ നിക്ഷേപമുണ്ടെന്നാണ് 2023 ലെ കണക്ക്. ക്ഷേത്രത്തിലേക്കു ഭക്തർ സംഭാവന ചെയ്ത സ്വർണവും ബാങ്കിലുണ്ട്. കൂടാതെ ഒഡീഷയുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ഭഗവാൻ ജഗന്നാഥന്റെ ഉടമസ്ഥതയിൽ ഭൂമിയുണ്ട്.

താക്കോലിലെ വിവാദം

രത്‌ന ഭണ്ഡാറിന്‍റെ അകത്തെ അറയുടെ താക്കോൽ കാണാതായത് വിവാദമായിരുന്നു. സംഭവത്തില്‍ അന്നത്തെ മുഖ്യമന്ത്രി നവീൻ പട്നായിക് 2018 ജൂൺ 6 ന് ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. രണ്ട് മാസത്തിന് ശേഷം താക്കോലുകൾ നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. പിന്നീട് ഭണ്ഡാരം തുറക്കാതിരുന്നതും തിരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ വിഷയമായിരുന്നു.

പുരി ജഗന്നാഥ ക്ഷേത്രത്തിലെ വര്‍ഷാവര്‍ഷം നടത്തുന്ന പ്രശസ്തമായ രഥയാത്രയിൽ വിഗ്രഹങ്ങൾക്കു സ്വർണാഭരണങ്ങൾ അണിയിക്കുന്ന ‘സുനാ ബേഷ’ ചടങ്ങിനായും മറ്റ് ഉത്സവവേളയിലും പുറത്തെ അറ തുറക്കാറുണ്ട്. എന്നാല്‍ രത്നഭണ്ഡാരം തുറക്കാൻ സംസ്ഥാന സർക്കാരിന്റെ അനുമതി വേണം. 12-ാം നൂറ്റാണ്ടിൽ നിർമിച്ച ക്ഷേത്രത്തിൽ പിന്നീടാണു രത്നഭണ്ഡാരം കൂട്ടിച്ചേർക്കുന്നത്. എപ്പോഴാണ് ഇത് നിര്‍മ്മിച്ചത് എന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല.

ENGLISH SUMMARY:

The 'Ratna Bhandar' (treasure trove) of the Shri Jagannath Temple has finally been opened after more than four decades on Sunday.