വിവാദ ഐ.എ.എസ് ഓഫിസര്‍ പൂജയ്ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി പുണെ കലക്ട്രേറ്റ്. നിയമനത്തിന് മുന്‍പ് തന്നെ പൂജ ഓഫിസിലെ തന്‍റെ ഇരിപ്പിടത്തെ കുറിച്ചും വാഹനത്തെ കുറിച്ചും താമസിക്കാനുള്ള വീടിനെ കുറിച്ചും നടത്തി അന്വേഷണമാണ് വിവാദമാകുന്നത്. കലക്ട്രേറ്റിലെ ഉദ്യോഗസ്ഥന് പൂജ അയച്ച സന്ദേശങ്ങളുടെ സ്ക്രീന്‍ ഷോട്ടുകളാണ് പുറത്ത് വന്നത്. ക്ഷമകെട്ടുള്ളതും, മര്യാദയില്ലാത്തതും ആജ്ഞയുടെ സ്വഭാവത്തിലുള്ളതുമാണ് സന്ദേശങ്ങളത്രയും.
'ഹലോ, ഡോ. പൂജ ഖേദ്കര്‍ ഐ.എ.എസ് ആണ്. പുണെ അസിസ്റ്റന്‍റ് കമ്മിഷണറായി എന്നെ നിയമിച്ചിട്ടുണ്ട്. ഡോ. ദിവാസെ സാറാണ് നിങ്ങളുടെ നമ്പര്‍ തന്നത്. ജൂണ്‍ മൂന്നിനാണ് ജോയില്‍ ചെയ്യുന്നത്. ബുല്‍ധാനയിലെ ഓഫിസില്‍ നിന്ന് ഇവിടേക്ക് അയച്ച എന്‍റെ കുറച്ച് രേഖകള്‍ അഡ്രസ് കണ്ടെത്താന്‍ കഴിയാത്തതിനാല്‍ കൈമാറിയിട്ടില്ലെന്ന് അവര്‍ പറഞ്ഞിരുന്നു. എന്താണ് ചെയ്യാന്‍ കഴിയുന്നതെന്ന് പറയൂവെന്നായിരുന്നു ആദ്യ സന്ദേശം. ഇതിന് , പ്രശ്നമില്ല.. തിങ്കളാഴ്ച നമുക്ക് വേണ്ടത് ചെയ്യാം എന്ന് ഉദ്യോഗസ്ഥന്‍ മറുപടിയും നല്‍കി.
എന്നാല്‍ പിന്നീട് തന്‍റെ ഓഫിസ് സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കണമെന്നും സര്‍ക്കാര്‍ വാഹനം നല്‍കണമെന്നും പൂജ ആവശ്യപ്പെട്ടു. കലക്ടര്‍ തിങ്കളാഴ്ച വരും വേണ്ട നടപടികള്‍ ചെയ്യാമെന്ന് ഉദ്യോഗസ്ഥന്‍ വീണ്ടും മറുപടി നല്‍കി.
മേയ് 23ന് പൂജ വീണ്ടും , താമസത്തെയും സര്‍ക്കാര്‍ വാഹനത്തെയും കാബിനെയും കുറിച്ച് വിവരമൊന്നും ലഭിച്ചില്ലെന്നും ഉദ്യോഗസ്ഥനെ അറിയിച്ചിട്ടുണ്ട്. അടുത്ത ദിവസം പൂജ വീണ്ടും, താന്‍ ചോദിച്ചതിന് ഉത്തരം പറയണമെന്നും അത്യാവശ്യകാര്യമാണെന്നും വീണ്ടും പറയുന്നു. നിങ്ങള്‍ എത്തുമ്പോഴേക്ക് എല്ലാം ശരിയാക്കാം എന്നാണ് ഇതിന് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്. ഇതില്‍ കുപിതയായ പൂജ, കാബിനും സര്‍ക്കാര്‍ വാഹനവും താന്‍ ജോയിന്‍ ചെയ്യുന്നതിന് മുന്‍പ് ശരിയാക്കണമെന്നും, പിന്നീട് സമയം കിട്ടിയെന്ന് വരില്ലെന്നും അതല്ല നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടെങ്കില്‍ പറയണം, ഞാന്‍ നേരിട്ട് കലക്ടറോട് സംസാരിക്കാമെന്നുമാണ് സന്ദേശമയച്ചത്.
സ്വകാര്യ വാഹനത്തില്‍ ചുവപ്പ് ബീക്കണ്‍ വച്ചും, മഹാരാഷ്ട്ര സര്‍ക്കാരിന്‍റേതെന്ന് ബോര്‍ഡ് വച്ചുമായിരുന്നു പൂജയുടെ യാത്ര. പിന്നാക്ക വിഭാഗമാണെന്നും , ശാരീരിക വൈകല്യങ്ങളുണ്ടെന്നും വ്യാജ സര്‍ട്ടിഫിക്കറ്റ് ചമച്ചാണ് പൂജ ഐ.എ.എസ് നേടിയതെന്നതടക്കം ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അഡിഷണല്‍ കലക്ടര്‍ സ്ഥലത്തില്ലാതിരുന്ന നേരം അദ്ദേഹത്തിന്‍റെ ഓഫിസ് ഉപയോഗിച്ചതിനും ഓഫിസിലെ ഫര്‍ണിച്ചറുകള്‍ മാറ്റിയതും ലെറ്റര്‍ഹെഡ് ആവശ്യപ്പെട്ടതുമടക്കമുള്ള പ്രശ്നങ്ങളും കലക്ട്രേറ്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജൂനിയര്‍ സ്റ്റാഫുമാര്‍ക്ക് മേല്‍പ്പറഞ്ഞ ഒരു സൗകര്യവും പ്രൊബേഷന്‍ കാലയളവില്‍ ലഭിക്കുന്നതല്ലെന്നിരിക്കെയാണ് 2023 ബാച്ച് ഉദ്യോഗസ്ഥയായ പൂജയുടെ അധികാര പ്രയോഗം.
റിട്ടയര്‍ഡ് ഉദ്യോഗസ്ഥനായ പൂജയുടെ പിതാവ്, മകളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് കൊടുക്കുന്നതിനായി ഉദ്യോഗസ്ഥരെ സമ്മര്‍ദത്തിലാക്കിയെന്നും കലക്ടര്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.