കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തത്തില്‍ തമിഴ്നാട് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ സൂര്യ. മാറി മാറിവരുന്ന സര്‍ക്കാരുകളാണ് ജനങ്ങളെ മദ്യത്തിന് അടിമകളാക്കിയതെന്നും മദ്യനിരോധനത്തെക്കുറിച്ച് സംസാരിക്കുന്നത് തിരഞ്ഞെടുപ്പ് കാലത്ത് മാത്രമാണെന്നും താരം എക്സില്‍ (ട്വിറ്റര്‍) കുറിച്ചു. ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും സൂര്യ ആവശ്യപ്പെട്ടു. വ്യാജമദ്യം കാരണം ഇത്രയേറെ ജീവന്‍ പൊലിഞ്ഞത് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ തേങ്ങല്‍ നട്ടെല്ലിലൂടെ അരിച്ചിറങ്ങുകയാണ്. ആ മനുഷ്യരെ എന്ത് പറഞ്ഞാണ് ആശ്വസിപ്പിക്കുകയെന്നും താരം ചോദിക്കുന്നു.
ദുരന്തമുണ്ടായ ശേഷം സര്‍ക്കാര്‍ വേഗത്തില്‍ ഇടപെട്ടു. എന്നാല്‍ അത് ശാശ്വത പരിഹാരമല്ല. കഴിഞ്ഞ വര്‍ഷം 22 പേര്‍ മരിച്ച വിഴുപ്പുറം മദ്യദുരന്തം ഉണ്ടായപ്പോഴും കൂടുതല്‍ സംഭവങ്ങളുണ്ടാകില്ലെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ അത് കാറ്റില്‍ പറന്നുവെന്നും സൂര്യ ചൂണ്ടിക്കാട്ടി. സര്‍ക്കാരുകള്‍ മാറി വരുമ്പോള്‍ ജീവിതം മെച്ചപ്പെടുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ. പക്ഷേ അതേ അധികാരികള്‍ കൂടുതല്‍ മദ്യശാലകള്‍ തുറന്ന് ജനങ്ങളെ ലഹരിക്ക് അടിമകളാക്കുകയാണെന്നും താരം വിമര്‍ശിക്കുന്നു.
സ്വന്തം ജനങ്ങളെ മദ്യത്തിനടിമകളാക്കുന്ന ഈ കുറ്റകൃത്യം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുക്കണം. ഓരോ ജില്ലയിലും പുനരധിവാസ കേന്ദ്രങ്ങള്‍ തുറക്കണം. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും ഇടപെട്ടാലേ വ്യാജമദ്യ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ കഴിയൂ. സമ്പൂര്‍ണ മദ്യ നിരോധനം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണമെന്നും കുറിപ്പില്‍ ആവശ്യപ്പെടുന്നു.
54 പേര്‍ക്കാണ് കള്ളക്കുറിച്ചി മദ്യ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. ഒട്ടേറെപ്പേരുടെ കാഴ്ച നഷ്ടമായി. ചികില്‍സയിലുള്ള പലരുടെയും നില ഗുരുതരമാണ്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും ചികില്‍സയില്‍ കഴിയുന്നവര്‍ക്കും മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ സഹായധനം പ്രഖ്യാപിച്ചിരുന്നു.