Image Credit: https://www.instagram.com/p/C8cTe1pST8H/
ഒന്നും രണ്ടുമല്ല, നൂറോളം ആനകള്‍ നദി നീന്തിക്കടക്കുന്ന കാഴ്ച കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍ ലോകം. കുട്ടിയാനകള്‍ മുതല്‍ മുതിര്‍ന്ന ആനകള്‍ വരെയുണ്ട് കൂട്ടത്തില്‍. അസമിലെ ജോര്‍ഹട്ടില്‍ നിന്ന് ബ്രഹ്മപുത്ര നദി നീന്തിക്കടക്കുന്ന ആനക്കൂട്ടത്തിന്‍റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ തരംഗം തീര്‍ക്കുന്നത്. ഫൊട്ടോഗ്രാഫറായ സച്ചിന്‍ ഭറളിയാണ് അതിശയിപ്പിക്കുന്ന ഈ ആനക്കൂട്ടത്തിന്‍റെ ആകാശദൃശ്യങ്ങള്‍ പങ്കുവച്ചത്.
നിമതി ഘാട്ടിലൂടെയാണ് ആനക്കൂട്ടത്തിന്‍റെ നീന്തല്‍. ആനകള്‍ കൂട്ടമായി സഞ്ചരിക്കുന്നതില്‍ അതിശയമില്ലെന്നും എന്നാല്‍ അഞ്ച് മുതല്‍ പതിനഞ്ച് വരെയാകും കൂട്ടത്തിലുള്ള ആനകളുടെ എണ്ണമെന്നും വിദഗ്ധര്‍ പരയുന്നു. കാലാവസ്ഥയും ഭൂപ്രകൃതിയും കുടുംബത്തിന്‍റെ വലുപ്പവും വിഭവങ്ങളുടെ ലഭ്യതയും ഒക്കെ കണക്കിലെടുക്കുമ്പോള്‍ ചിലപ്പോഴൊക്കെ ആനകള്‍ ഇതുപോലെ വലിയ സംഘമായി യാത്ര ചെയ്തേക്കാമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. അഞ്ചര കിലോമീറ്ററോളമാണ് ബ്രഹ്മപുത്ര നദിയുടെ വീതി. അസമിലെ പ്രളയകാലത്തിന് മുന്‍പ് തന്നെ ദിബ്രുഗഡ്, ശിവസാഗര്‍, മജൂലി വഴി ആനകള്‍ ജോര്‍ഹട്ടിലെ നേമതിയില്‍ എത്തിച്ചേരുമെന്നും അവിടെ നിന്ന് നദി മുറിച്ച് കടക്കുകയാണ് പതിവെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ആനകള്‍ അസാധ്യ നീന്തല്‍ക്കാരാണ് എന്ന കുറിപ്പോടെയാണ് മുതിര്‍ന്ന ഐ.എഫ്.എസ് ഉദ്യോഗസ്ഥയായ സുധ രാമന്‍, ദൃശ്യങ്ങള്‍ എക്സില്‍ (ട്വിറ്റര്‍) പങ്കുവച്ചത്. സുധയുടെ പോസ്റ്റ് റീട്വീറ്റ് ചെയ്ത ഐ.എഫ്.എസ് ഓഫിസറായ സുശാന്ത നന്ദയും ആനക്കൂട്ടത്തിന്‍റെ ശക്തിയെക്കുറിച്ചും കുട്ടിയാനകള്‍ക്ക് മുതിര്‍ന്നവര്‍ ജീവിതപാഠങ്ങള്‍ പകര്‍ന്നുനല്‍കുന്നതിനെക്കുറിച്ചും കുറിച്ചിട്ടുണ്ട്.
ആറ് മാസം മുതല്‍ നാല് വയസു വരെയാണ് കുട്ടിയാനകളെ മുതിര്‍ന്ന ആനകള്‍ പരിപാലിക്കുക. എന്നാല്‍ ആനക്കൂട്ടത്തിനൊപ്പം അവ പിന്നീടും തുടരുകയാണെങ്കില്‍ അമ്മയാനയും മറ്റ് പിടിയാനകളും പരിപാലിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. മുതിര്‍ന്ന ശേഷം ആണാനകള്‍ കൂട്ടംപിരിഞ്ഞ് തനിച്ച് ജീവിതം തുടങ്ങുകയോ മറ്റ് കൊമ്പന്‍മാര്‍ക്കൊപ്പം സഞ്ചാരം തുടങ്ങുകയോ ചെയ്യും. അസമില്‍ 5,700 ഓളം ആനകളുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. രാജ്യത്ത് ഏറ്റവുമധികം ആനകളുള്ളത് കര്‍ണാടകയിലാണ് (6395).