Image:X
സാമ്പാറില്‍ ചത്ത എലിയെ കണ്ടെത്തിയതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഭക്ഷണശാല അടച്ചുപൂട്ടി. ഹൈദരാബാദില്‍ ജൂണ്‍ 20നാണ് സംഭവമുണ്ടായത്. ദേവി ദോശ പാലസില്‍ നിന്നും താനും ഭാര്യയും ഭക്ഷണം കഴിക്കുന്നതിനിടെയാണ് ചത്ത എലിയെ കിട്ടിയതെന്ന് അവിനാഷ് എന്ന യുവാവ് പറയുന്നു. ദോശയും സാമ്പാറും ചമ്മന്തിയുമായിരുന്നു ഓര്‍ഡര്‍ ചെയ്തത്. സാമ്പാര്‍ എടുത്ത് കഴിക്കുന്നതിനിടെയാണ് എലിയെ കണ്ടതെന്ന് അവിനാഷ് കുറിച്ചു. ഹോട്ടല്‍ അധികൃതരെയും മുനിസിപ്പാലിറ്റിയെയും ഉടന്‍ തന്നെ അവിനാഷ് വിവരം ധരിപ്പിച്ചു. എലി കിടക്കുന്നതിന്‍റെ ചിത്രങ്ങളും ഇദ്ദേഹം പുറത്തുവിട്ടു.
മുനിസിപ്പാലിറ്റി അധികൃതര്‍ എത്തി നടത്തിയ പരിശോധനയില്‍ അടുക്കള വൃത്തിഹീനമായാണ് സൂക്ഷിച്ചതെന്നും പ്രാണികളും മറ്റ് ജീവികളും വീഴുന്നതരത്തിലാണ് ഭക്ഷണം വച്ചിരുന്നതെന്നും കണ്ടെത്തി. തുടര്‍ന്ന് ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ അടച്ചിടുന്നതായി പ്രഖ്യാപിച്ച് ഹോട്ടല്‍ സീല്‍ ചെയ്യുകയായിരുന്നു. ഭക്ഷണം പാകം ചെയ്യുമ്പോഴും അത് സൂക്ഷിക്കുമ്പോഴും അതീവ ശ്രദ്ധ വേണമെന്നും കടയില്‍ ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്ക് വൃത്തിയും വെടിപ്പുമുള്ള സാഹചര്യങ്ങളില്‍ വേണം വിളമ്പി നല്‍കാനെന്നും ഭക്ഷ്യസുരക്ഷ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ഭക്ഷണശാലകളില്‍ നിന്നും വൃത്തിഹീനമായ ഭക്ഷണം ലഭിച്ചതായുള്ള വാര്‍ത്തകള്‍ അടുത്തയിടെയായി അടിയ്ക്കടി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഹെര്‍ഷീസിന്‍റെ ചോക്കുലേറ്റ് സിറപ്പില്‍ നിന്ന് കഴിഞ്ഞ ദിവസം ഡല്‍ഹി സ്വദേശിക്ക് ചത്ത എലിയെ കിട്ടിയിരുന്നു. അതിന് മുന്‍പ് മുംബൈ സ്വദേശിയായ ഡോക്ടര്‍ക്ക് യമ്മോ ഐസ്ക്രീമില്‍ നിന്നും മനുഷ്യന്‍റെ വിരലാണ് ലഭിച്ചത്. ഐസ്ക്രീമില്‍ നിന്ന് പഴുതാരയെ ലഭിച്ചതിന്‍റെയും ഇറച്ചിക്കറിയില്‍ നിന്നും ചത്ത പല്ലിയെ ലഭിച്ചതിന്‍റെയും വാര്‍ത്തകളും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.