തമിഴ്നാട്ടിലൂടെയുളള അന്തര്‍സംസ്ഥാന ബസ് യാത്രാ പ്രശ്നം രൂക്ഷമാവുന്നു. തിരുവനന്തപുരത്ത് നിന്ന് ഇന്നലെ പുറപ്പെട്ട നാല് ബസുകള്‍ തമിഴ്നാട് അതിര്‍ത്തിയില്‍ തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടു. കേസെടുക്കുമെന്ന് തമിഴ്നാട് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന് യാത്രക്കാര്‍ ആരോപിച്ചു. വരുംദിവസങ്ങളിലും യാത്ര തടയുമെന്ന നിലപാടിലാണ് തമിഴ്നാട് സര്‍ക്കാര്‍.
തിരുവനന്തപുരത്ത് നിന്ന് നാഗര്‍കോവില്‍ വഴി ബെംഗളൂരുവിലേക്ക് പോയ നാല് ബസുകളാണ് ഇന്നലെ രാത്രി തമിഴ്നാട് മോട്ടോര്‍ വാഹനവകുപ്പ് അതിര്‍ത്തി പ്രദേശമായ വടശേരിയില്‍ തടഞ്ഞത്. ഒരു മണിക്കൂറോളം അതിര്‍ത്തിയില്‍ തടഞ്ഞിട്ടു. യാത്രക്കാര്‍ ബഹളം വച്ചപ്പോള്‍ കേസെടുക്കുമെന്ന ഭീഷണിയും.
ഒടുവില്‍ തൊട്ടടുത്ത് ബസ് സ്റ്റാന്റില്‍ നിന്ന് തമിഴ്നാടിന്റെ ദൂര്‍ഘദൂര ബസ് ഏര്‍പ്പെടുത്തിയെങ്കിലും വീണ്ടും പണം നല്‍കി ടിക്കറ്റെടുക്കേണ്ട അവസ്ഥയായി. പണമില്ലാത്തവര്‍ യാത്ര മുടങ്ങി നാട്ടിലേക്ക് മടങ്ങി. അഖിലേന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റുള്ള ബസുകള്‍ക്ക് യാത്രക്കാരുമായി എവിടെയും സര്‍വീസ് നടത്താമെന്നാണ് ബസ് ഉടമകള്‍ അവകാശപ്പെടുന്നത്. എന്നാല്‍ തമിഴ്നാട്ടിലും നികുതി അടയ്ക്കാതെ ഇത്തരം സര്‍വീസുകള്‍ നടത്തുന്നത് തടഞ്ഞ് തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. നേരത്തെ കേരളം റോബിന്‍ ബസിനെ തടഞ്ഞതും സമാനവാദഗതിയിലൂടെയായിരുന്നു. അതിനാല്‍ കേരള സര്‍ക്കാര്‍ ഇതുവരെ വിഷയത്തില്‍ ഇടപെട്ടിട്ടില്ല.