പ്രതിപക്ഷത്തിരുന്ന് വീണ്ടുമൊരു തുടക്കമിടാന്‍ ജയലളിതയുടെ തോഴി ശശികല. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പരാജയം നേരിട്ടെങ്കിലും എഐഎഡിഎംകെ തളര്‍ന്നു പോയിട്ടില്ലെന്ന ഓര്‍മപ്പെടുത്തലോടെയാണ് തോഴിയുടെ തിരുമ്പിവരവ്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ എടപ്പാടി പളനിസാമി ചോദ്യങ്ങളുന്നയിക്കാത്ത സാഹചര്യങ്ങളില്‍ ശബ്ദമുയര്‍ത്താന്‍ താനുണ്ടാകുമെന്നു പറഞ്ഞാണ് ശശികലയുടെ പുനപ്രവേശനം. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്മയുടെ ഭരണം തിരിച്ചെത്തിക്കുമെന്ന വാശിയോടെയാണ് തോഴിയുടെ വരവ്.
എടപ്പാടി കെ.പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ.യുടെ നിയന്ത്രണം തിരിച്ചുപിടിക്കാൻ ഏറെ നാളായി ശശികല നടത്തി വന്ന ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. പാര്‍ട്ടി ക്ഷീണത്തിലാണ് എന്നു തോന്നുന്ന ഈ അവസരം തന്നെയാണ് തന്റെ തിരിച്ചുവരവിനു നല്ലതെന്ന് തിരിച്ചറിഞ്ഞാണ് ശശികലയുടെ തിരിച്ചുവരവ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
‘തമിഴ്നാട്ടിലെ ജനത ഞങ്ങള്‍ക്കൊപ്പമാണ്, ആര്‍ക്കും പാര്‍ട്ടിയെക്കുറിച്ച് ആശങ്ക വേണ്ട, ഞാന്‍ വളരെ ശക്തയാണ്, എഐഎഡിഎംകെ അവസാനിച്ചിട്ടില്ല, ഞാന്‍ ഇവിടെ തുടങ്ങുകയാണ്’ ഇതായിരുന്നു പുനപ്രവേശനം പ്രഖ്യാപിച്ചുള്ള ശശികലയുടെ വാക്കുകള്‍. പ്രവര്‍ത്തകരുടേയും ജനങ്ങളുടേയും പിന്തുണയോടെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്മയുടെ ഭരണം യാഥാര്‍ത്ഥ്യമാകും. സംസ്ഥാനത്തുടനീളം ഒരു യാത്രക്കൊരുങ്ങുകയാണെന്നും തന്റെ ചോദ്യങ്ങള്‍ക്ക് ഡിഎംകെ സര്‍ക്കാര്‍ മറുപടി പറയേണ്ടിവരുമെന്നും ശശികല പറയുന്നു.
ഇന്ന് ജാതി രാഷ്ട്രീയമാണ് പാർട്ടിയ്ക്ക് പ്രധാനമെന്നും അതിലൂടെയാണ് പ്രവര്‍ത്തകര്‍ പാര്‍ട്ടിയിലെത്തുന്നതെന്നും ശശികല ആരോപിച്ചു. പാർട്ടി സ്ഥാപകൻ എംജിആറും അമ്മ ജയലളിതയും വളർത്തിയ പാർട്ടിയിലേക്ക് ഇത്തരം ജാതി രാഷ്ട്രീയം കൊണ്ടുവരുന്നത് അവർക്കും പാർട്ടി പ്രവർത്തകർക്കും സഹിക്കില്ല. അവർക്ക് ജാതി അടിസ്ഥാനത്തിലുള്ള പരിഗണനകൾ ഉണ്ടായിരുന്നെങ്കിൽ 2017ൽ എടപ്പാടി കെ പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കില്ലായിരുന്നുവെന്നും ശശികല കൂട്ടിച്ചേര്‍ത്തു. ഏതായാലും തളര്‍ച്ച ബാധിച്ച പാര്‍ട്ടിക്ക് തന്റെ തിരിച്ചുവരവോടെ ഉണര്‍വുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് ശശികല.