രാപകൽ വ്യത്യാസമില്ലാതെ ഡൽഹിയിൽ അത്യുഷ്ണം. രാത്രി താപനില പോലും 35 ഡിഗ്രിക്ക് മുകളിൽ. അതിനിടെ, ഡൽഹിയിൽ കുടിവെള്ളക്ഷാമത്തിന് പരിഹാരം തേടി ബിജെപിയും കോൺഗ്രസും ആം ആദ്മി പാർട്ടിക്കെതിരെ പ്രതിഷേധിച്ചു.
രാവിലെ ഏഴ് മണിക്കുപോലും കുട ചൂടാതെയോ തൊപ്പി വയ്ക്കാതെയോ പുറത്തിറങ്ങാൻ കഴിയില്ല എന്നതാണ് രാജ്യ തലസ്ഥാനത്തെ അവസ്ഥ. കൂളിങ് ഗ്ലാസ് സ്റ്റൈലിനല്ല, സൂര്യപ്രകാശം നേരെ അടിക്കുന്നത് കണ്ണിന് കടുത്ത അസ്വസ്ഥതയാണുണ്ടാക്കുന്നത്. തുടർച്ചയായി ഉപയോഗിക്കുന്നതിനാൽ, AC പൊട്ടിത്തെറിച്ചുള്ള അപകടങ്ങൾ തുടർക്കഥ.
ഡൽഹിയിൽ എപ്പോൾ എവിടെ വേണമെങ്കിലും തീപിടിക്കാം എന്ന ഭയപ്പാടിലാണ് അഗ്നിരക്ഷാസേനയും. ഇതിനിടെയാണ് കടുത്ത ശുദ്ധജലക്ഷാമത്തിലുള്ള വലിയ രാഷ്ട്രീയപ്പോര്. അയൽസംസ്ഥാനങ്ങളാണ് ' ജലക്ഷാമത്തിന് കാരണമെന്ന ആപ്പിന്റെ ആരോപണത്തിനെതിരെ ബിജെപിയും കോൺഗ്രസും രംഗത്തുവന്നു. മന്ത്രി അതിഷിയുടെ ഓഫിസിന് മുന്നിൽ ബിജെപിയും ജലബോർഡ് വകുപ്പ് ഓഫിസിന് മുന്നിൽ കോൺഗ്രസും പ്രതിഷേധിച്ചു.
യമുന നദിയിൽനിന്ന് ഡൽഹിയിലെ ജലശുദ്ധീകരണ പ്ലാന്റുകളിലേക്ക് വെള്ളം എത്തുന്നതിന്റെ അളവ് കുത്തനെ കുറഞ്ഞിട്ടുണ്ട്. ഇത് വരുംദിവസങ്ങളിൽ ജലക്ഷാമം രൂക്ഷമാക്കിയേക്കാം. ഡൽഹി മന്ത്രി അതിഷി ഉദ്യോഗസ്ഥരുടെ യോഗം വീണ്ടും വിളിച്ചു ചേർത്തു