ഇന്ന് മുതല്‍ അഞ്ച് ദിവസത്തേക്ക് കര്‍ണാടകയില്‍ മദ്യ വില്‍പന നിരോധിച്ചു. ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിനെ തുടര്‍ന്നും സംസ്ഥാന ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പിനെയും തുടര്‍ന്നാണ് 5 ദിവസത്തെ ഡ്രൈ ഡേ. വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുന്‍പ് മദ്യവില്‍പ്പനയും ഉല്‍പാദനവും നിരോധിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന 1951 ജനപ്രാതിനിധ്യ നിയമപ്രകാരമാണ് നടപടി. ഈ ദിവസങ്ങളില്‍ മദ്യം ഉല്‍പാദിപ്പിക്കുന്നതും വില്‍ക്കുന്നതും വിതരണം ചെയ്യുന്നതും കൊണ്ടുപോകുന്നതും സംഭരിക്കുന്നതും ശിക്ഷാര്‍ഹമാണെന്ന് എക്സൈസ് വ്യക്തമാക്കി.
മദ്യക്കടകള്‍ക്ക് പുറമെ വൈന്‍ശാലകള്‍, ബാറുകള്‍, ഹോട്ടലുകള്‍, റസ്റ്റൊറന്‍റുകള്‍ , മദ്യം വിളമ്പുന്ന ഏത് സ്ഥലങ്ങളിലും ഉത്തരവ് ബാധകമാണ്. ഡ്രൈ ഡേ കണക്കിലെടുത്ത് നീണ്ട ക്യൂവാണ് മദ്യക്കടകള്‍ക്ക് മുന്നില്‍ വെള്ളിയാഴ്ചയുണ്ടായത്.
കര്‍ണാടകയിലെ 28 ലോക്സഭ മണ്ഡലങ്ങളിലേക്ക് ഏപ്രില്‍ 26, മേയ് 7 എന്നിങ്ങനെ രണ്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടന്നത്. 75 അംഗങ്ങളാണ് കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ ആകെയുള്ളത്. അതില്‍ 64 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.