സിജെപി നേതാക്കള്‍ക്ക് ക്രൈം ബ്രാഞ്ചിന്റെ സമന്‍സ്. ജന്തര്‍ മന്തറില്‍ അതിക്രമിച്ചുകയറിയെന്ന കേസില്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള തുടര്‍ സമരങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ഇന്ത്യ സഖ്യ നേതാക്കള്‍ വൈകുന്നേരം യോഗം ചേരും. സിജെപി സഹ കണ്‍വീനര്‍മാരായ സൗരവ് ദാസും അശുതോഷ് റാങ്കയും ഏഴു ദിവസത്തെ കസ്റ്റഡിക്കുശേഷം ഇന്നലെ രാത്രിയാണ് മോചിതരായത്.
ഇന്ന് രാവിലെ ഇരുവര്‍ക്കും ഡല്‍ഹി ക്രൈം ബ്രാഞ്ചിന്റെ സമന്‍സ്. ചോദ്യം ചെയ്യലിന് ക്രൈം ബ്രാഞ്ചിന്റെ രാജൗരി ഗാർഡൻ ഓഫീസിൽ ഹാജരാകാനാണ് നിര്‍ദേശം. സി.ജെ.പി നേതാവ് അജിങ്ക്യ ഷിൻഡെയും ഹാജരാകണം. ഈ മാസം 13-ന് 'ജനതാ ദൾ യുണൈറ്റഡ് ഓഫീസ് വഴി ഗേറ്റ് ചാടിക്കടന്നാണ് സി.ജെ.പി നേതാക്കള്‍ ജന്തര്‍ മന്തറിലെത്തി പ്രതിഷേധിച്ചത്. ഓഫീസ് പരിസരത്ത് അതിക്രമിച്ചു കയറിയെന്ന ജനതാദൾ യുണൈറ്റഡിന്റെ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസിലാണ് സമൻസയച്ചത്.
ജന്തര്‍ മന്തറില്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യില്ലെന്നും സമാധാനാന്തരീക്ഷം തകർക്കില്ലെന്നുമുള്ള ഉറപ്പില്ലാണ് ഇന്നലെ സിജെപി നേതാക്കളെ കോടതി വിട്ടയച്ചത്. ദീപാവലിക്കുശേഷം സിജെപി തുടര്‍ സമരങ്ങള്‍ ആലോചിക്കവെ കേസുകള്‍ നേതാക്കള്‍ക്ക് വെല്ലുവിളിയാകും. ഇന്നലെ ഡല്‍ഹി ഹൈക്കോടതിയുടെ ചോദ്യങ്ങഘളും സിജെപിക്ക് തിരിച്ചടിയായിരുന്നു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള തുടര്‍ സമരങ്ങള്‍ക്കൊരുങ്ങുകയാണ് ഇന്ത്യ സഖ്യം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയില്‍ ചേരുന്ന ഓണ്‍ലൈന്‍ യോഗത്തില്‍ പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യും. അടുത്തമാസം ഒന്നിന് ഡൽഹിയിൽ നടക്കാനിരിക്കുന്ന 'ഇന്ത്യ' സഖ്യ റാലിക്കായുള്ള ഒരുക്കങ്ങളും യോഗത്തിൽ വിലയിരുത്തും. നാളെ ഡല്‍ഹിയില്‍ കര്‍ഷക സംഘടനകളും ഇടത് സംഘടനകളും പ്രതിഷേധിക്കും.