brittas-pinarayi

സമരത്തിനായി ഡൽഹിയിലെത്തി അറസ്റ്റ് വരിച്ച നേതാക്കളുമായി നഗരം ചുറ്റി ഡൽഹി പൊലീസ്. കസ്റ്റഡിയിലെടുത്ത നേതാക്കളെ ഏതെങ്കിലും പൊലീസ് സ്റ്റേഷനിലേക്കോ ക്യാംപിലേക്കോ കൊണ്ടുപോകാതെ പൊലീസ് ബസ് ദീർഘനേരം ഡൽഹിയിൽ ചുറ്റിയടിച്ചു. കസ്റ്റഡിയിലുള്ള പ്രതിപക്ഷ നേതാവ് പിണറായി വിജയനോടും കെ.എൻ. ബാലഗോപാലിനോടുമെല്ലാം പൊലീസ് പെരുമാറുന്നത് ഇങ്ങനെയാണ്. രാഷ്ട്രീയ നേതാക്കളാണെന്ന പരിഗണനപോലും ഡൽഹി പൊലീസ് നൽകുന്നില്ല. ഒരുമണിക്കൂറോളം നഗരപ്രദക്ഷിണം നടത്തിയ ശേഷമാണ് പിണറായി വിജയനെയും സംഘത്തെയും ഛത്രസാൽ സ്റ്റേഡിയം പരിസരത്ത് എത്തിച്ചത്. 

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി ആഹ്വാനം ചെയ്ത സമരത്തിൽ പങ്കെടുക്കാൻ ജന്തർ മന്തറിലെത്തിയ ഇടത് നേതാക്കളെയാണ് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. ‘‘എന്താണ് ഞങ്ങൾ ചെയ്ത കുറ്റമെന്ന് അറിയില്ല. ഡൽഹി മുഴുവൻ റോന്തുചുറ്റിച്ചു. സാമാന്യ മര്യാദയില്ലാതെയാണ് പൊലീസ് പെരുമാറുന്നത്. ഇവിടെനിന്ന് ഒരു ഫോട്ടോ എടുത്താൽ പോലും പേടിപ്പിക്കുന്ന അവസ്ഥയാണ്’’ എന്ന് ജോൺ ബ്രിട്ടാസ് എംപി ആരോപിച്ചു.

‘‘ഒരു മുൻ മുഖ്യമന്ത്രിയോടും മുൻ മന്ത്രിയോടും എംപിയോടും പോലും മോശമായാണ് പൊലീസ് പെരുമാറുന്നത്’’ എന്ന് പിണറായി വിജയനെയും ബാലഗോപാലിനെയും ഒപ്പം നിർത്തി ബ്രിട്ടാസ് പറഞ്ഞു. ഇതിനിടെ, സംസാരം തടസപ്പെടുത്തിയ പൊലീസുകാരനോട്, തനിക്ക് വിഡിയോ എടുക്കാൻ അവകാശമില്ലേയെന്നും ബ്രിട്ടാസ് ചോദിക്കുന്നുണ്ട്. മൂവരും പൊലീസ് വാഹനത്തിൽ സഞ്ചരിക്കുന്ന വിഡിയോയും ബ്രിട്ടാസ് പങ്കുവച്ചിട്ടുണ്ട്.

ഇവർക്കു പുറമെ എം.എ. ബേബി, എം.വി. ഗോവിന്ദൻ, പി.കെ. ശ്രീമതി, കെ.കെ. ശൈലജ, ബൃന്ദ കാരാട്ട് തുടങ്ങിയ സിപിഎം നേതാക്കളും ഡൽഹി പൊലീസിന്റെ കസ്റ്റഡിയിലാണ്. പ്രതിഷേധത്തിനെത്തിയ എസ്എഫ്ഐ പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊണാട്ട് പ്ലേസിൽ വീണ്ടും പ്രതിഷേധിക്കാനെത്തിയ 200 പേരെ കസ്റ്റഡിയിലെടുത്തതായി ഡൽഹി പൊലീസ് വ്യക്തമാക്കി.

ENGLISH SUMMARY:

recent detention of prominent Left leaders, including Pinarayi Vijayan, by Delhi Police during a protest at Jantar Mantar. The leaders were taken on a lengthy bus tour around the city before being shifted to the Chhatrasal Stadium area.