lakshadweepseaplane

TOPICS COVERED

കൊച്ചി - ലക്ഷദ്വീപ് സീ പ്ലെയിൻ പദ്ധതിയുടെ ചിറകരിഞ്ഞ് ലക്ഷദ്വീപ് ഭരണകൂടം. സീ പ്ലെയിൻ സർവീസ് നടത്തുന്ന സ്കൈ ഹോപ് ഏവിയേഷനു നൽകിയിരുന്ന അനുമതികളെല്ലാം ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ഇടപെട്ടു റദ്ദാക്കി. അഡ്മിനിസ്ട്രേറ്ററുടെ അധികാര പരിധിയിൽ കൈ കടത്താനാകില്ലെന്ന നിസഹായാവസ്ഥയിലാണ് വ്യോമയാന മന്ത്രാലയം. ഇതോടെ കേരളത്തിൽ നിന്ന് സർവീസ് എന്ന സ്വപ്നം ഉപേക്ഷിക്കുകയാണ് കമ്പനി.

മനോരമ ന്യൂസ് കോൺക്ലേവ് വേദിയിൽ വ്യോമയാന മന്ത്രി കേരളത്തിന് ഉറപ്പു നൽകിയിരുന്നതാണ് കൊച്ചിയെയും ലക്ഷദ്വീപിനെയും ബന്ധിപ്പിക്കുന്ന സീ പ്ലെയിൻ. സർവീസ് നടത്തുന്നതിനുളള സാങ്കേതിക ജ്ഞാനം ലക്ഷദ്വീപിനില്ല എന്ന ന്യായം പറഞ്ഞാണ് അവസാന നിമിഷം അധികൃതർ പിൻ വാങ്ങിയത്. സർവീസിനായി സ്കൈ ഹോപ് ഏവിയേഷനു നൽകിയ അനുമതികളെല്ലാം റദ്ദാക്കുകയാണെന്ന വിവരം രേഖാമൂലം ലക്ഷദ്വീപ് കലക്ടർ മുഖേന എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് നൽകി. കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലെ അഞ്ച് ദ്വീപുകളിലേയ്ക്കുളള സ്പ്ലെയിൻ സർവീസിന്റെ ഉദ്ഘാടനത്തിന് ജൂലൈ 19 മുതൽ പലവട്ടം തിയതി നിശ്ചയിച്ചിരുന്നെങ്കിലും ലക്ഷദ്വീപ് അധികൃതർ അവസാന നിമിഷം പിന്നോട്ടു പോയി. വിനോദ സഞ്ചാര സാധ്യതകളും ലക്ഷദ്വീപിലെ യാത്രാ പ്രതിസന്ധിയും കണക്കിലെടുത്താണ് സീ പ്ലെയിൻ സർവീസിന് നീക്കം നടത്തിയത്. പദ്ധതിക്കായി കോടികൾ ചെലവിട്ട് വാട്ടർ ഡ്രോമുകളും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിരുന്നു.

ദ്വീപിലെ പൊലീസ്, അഗ്നിരക്ഷാ സേന, തുറമുഖം തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിയിരുന്നു. പദ്ധതി ഉപേക്ഷിച്ചതിലൂടെ ഏവിയേഷൻ കമ്പനിക്ക് 150 കോടി രൂപയുടെയെങ്കിലും നഷ്ടമുണ്ടാകും. വാട്ടർ ഡ്രോമുകൾ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ അധികാര പരിധിയിലായതിനാൽ ഇടപെടാൻ കഴിയില്ലെന്ന നിസഹായാവസ്ഥയാണ് വ്യോമയാന മന്ത്രാലയത്തിന്. 

ENGLISH SUMMARY:

Lakshadweep seaplane project cancellation is a major setback for tourism and connectivity, with the Lakshadweep administration revoking all permissions for Sky Hope Aviation. This leaves the aviation ministry in a helpless position due to administrative jurisdiction, forcing the company to abandon its plans for seaplane services from Kerala.