ഏഴ് പേരുടെ മരണത്തിനിടയാക്കിയ ഡൽഹിയിലെ കെട്ടിടാപകടത്തിന് കാരണം ഗൗരവതരമായ നിയമലംഘനങ്ങൾ. സുരക്ഷിതമല്ലെന്ന് കണ്ടെത്തി അടച്ച കെട്ടിടത്തിന്റെ പുറംഭാഗം മിനുക്കി ബോയ്സ് പിജിയാക്കി. 50 വർഷം പഴക്കമുള്ള കെട്ടിടത്തിന്റെ ബേസ്മെന്റിൽ വെള്ളമിറങ്ങിയതും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതും അപകട കാരണമായി. രക്ഷാപ്രവർത്തനം പരാജയമെന്നും മരിച്ചവരുടെയും കുടുങ്ങിക്കിടക്കുന്നവരുടെയും യഥാർത്ഥ കണക്ക് സർക്കാർ മറച്ചുവെക്കുന്നു എന്നും NSU അധ്യക്ഷൻ വിനോദ് ജാഖർ പറഞ്ഞു.
സത്യനികേതനിലെ ബോയ്‌സ് ഡെയ്‌സ് എന്ന നാല് നില പിജി കെട്ടിടം തകർന്നിട്ട് 24 മണിക്കൂർ പിന്നിട്ടു. 16 മുറികളിൽ രണ്ടു വിദ്യാർഥികൾ വീതവും ബേസ്‌മെന്റിൽ നിർമ്മാണ തൊഴിലാളികളും ഉണ്ടായിരുന്നതിനാൽ കുറഞ്ഞത് 40 പേരെങ്കിലും അപകടത്തിൽ പെട്ടിരിക്കാം എന്നാണ് ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനം നടത്തിയവർ പറയുന്നത്. 12 പേരെ പുറത്തെടുത്തെന്നും രക്ഷാപ്രവർത്തനം അന്തിമഘട്ടത്തിൽ എന്നുമാണ് സർക്കാർ മറുപടി.
സർക്കാർ കണക്കുകൾ മറച്ചുവെക്കുന്നു എന്നും രക്ഷാപ്രവർത്തനം പൂർണ്ണ പരാജയം എന്നും NSU. ഉപയോഗശൂന്യം എന്ന് കണ്ടെത്തി അടച്ചിട്ട കെട്ടിടമാണ് ഒരു വർഷം മുൻപ് പിജി ആക്കിയത്. ഡൽഹിയിലെ ശക്തമായ മഴയിൽ ബേസ്മെന്റിലേക്ക് വെള്ളം ഇറങ്ങുന്നതിനിടയിൽ ചട്ടങ്ങൾ ലംഘിച്ച് നിർമ്മാണ പ്രവർത്തനവും നടത്തി. പ്രദേശത്തെ പിജി കൾ എബിവിപി ബിജെപി പ്രവർത്തകർ നടത്തുന്നതെന്നും ആരോപണം.
വിദ്യാർഥികളുടെ സുരക്ഷാ സുപ്രധാനം എന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നുമുള്ള പതിവു മറുപടിയാണ് മുഖ്യമന്ത്രി ഇന്നും നൽകിയത്. കെട്ടിട ഉടമ ഹരിറാം ബെൻസാലിനായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. അപകട നിലയിലുള്ള 6 കെട്ടിടങ്ങൾക്ക് എം സി ഡി നോട്ടീസ് നൽകി. നീതി തേടി ഡൽഹി സർവകലാശാലയിലെ വിദ്യാർഥികളുടെയുംവിദ്യാർഥി സംഘടനകളുടെയും പ്രതിഷേധം തുടരുകയാണ്.