bharath-jodo

കോണ്‍ഗ്രസ് സംഘടന പ്രവര്‍ത്തനത്തിലെ നിര്‍ണായക വഴിത്തിരിവായ  രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ഇന്ന് നാലാം വാര്‍ഷികം. ജനങ്ങളിലേക്ക് നേരിട്ടിറങ്ങിച്ചെന്ന യാത്ര, 2024 ലെ തിളങ്ങുന്ന പ്രകടനത്തിന് കാരണമായി എന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ഛാത്രോം കി ഗൂഞ്ച് എന്ന പേരില്‍ യുവതലമുറയുമായുള്ള രാഹുലിന്‍റെ സംവാദം ഒരര്‍ഥത്തില്‍ ഭാരത് ജോഡോയുടെ മറ്റൊരു മുഖമാണ്. രാജ്യമെമ്പാടും ഛാംത്രോം കി ഗൂഞ്ച് സംഘടിപ്പിക്കാനൊരുങ്ങുകയാണ് പാര്‍ട്ടി.   

വിദ്വേഷത്തിന്‍റെ ചന്തയില്‍ സ്നേഹത്തിന്‍റെ കട തുറക്കാന്‍ എന്ന് പ്രഖ്യാപിച്ചാണ് കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 40,80 കിലോമീറ്റര്‍ രാഹുല്‍ ഗാന്ധി കാല്‍നടയായി യാത്ര നടത്തിയത്.  542 അംഗ ലോക് സഭയില്‍ കേവലം 52 സീറ്റിലേക്കൊതുങ്ങിയ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുകയായിരുന്നു ലക്ഷ്യം. തുടക്കത്തില്‍ ബിജെപി പാളയത്തില്‍ നിന്ന് ഏറെ പരിഹാസങ്ങള്‍ ഏറ്റുവാങ്ങിയെങ്കിലും രാഹുല്‍ മുന്നോട്ട് നടന്നു. കർഷക പ്രശ്നങ്ങള്‍, തൊഴിലില്ലായ്മ, ജാതി സെൻസസ്, വനിത സംവരണം, വിദ്യാര്‍ഥി പ്രശ്നങ്ങള്‍ തുടങ്ഹിയവ പ്രധാന ചർച്ചയാക്കി. അധ്വാനത്തിന് ഫലമുണ്ടായി. 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ വിറപ്പിച്ച കോണ്‍ഗ്രസ് നൂറു സീറ്റ് നേടി. പാര്‍ട്ടിയെ എഴുതിത്തള്ളിയവര്‍ മറിച്ചു പറഞ്ഞുതുടങ്ങി.

ജനങ്ങളിലേക്കിറങ്ങിച്ചെല്ലുന്ന രാഷ്ട്രീയം തുടരുകയാണ് രാഹുല്‍ ഗാന്ധി. വിദ്യാര്‍ഥികളുമായുള്ള സംവാദം ഛാത്രോം കി ഗൂഞ്ച്, അത്തരത്തിലാണ് പാര്‍ട്ടി വിഭാവനം ചെയ്യുന്നത്. ജന്‍ സീ പ്രക്ഷോഭത്തില്‍ സമ്മര്‍ദത്തിലായ മോദി സര്‍ക്കാരിനെതിരായ വികാരം ശക്തമാക്കുകയാണ് ലക്ഷ്യം. വിവിധ സംസ്ഥാനങ്ങളില്‍ നിര്‍ജീവമായ സംഘടനയെ ശക്തിപ്പെടുത്തി 2029ല്‍ രാജ്യത്ത് അധികാരം പിടിക്കുകയാണ് ലക്ഷ്യം. 

ENGLISH SUMMARY:

Bharat Jodo Yatra marked a pivotal moment for Congress's organizational activities, with Rahul Gandhi's march seen as a key factor in the party's strong performance in the 2024 elections. The Yatra's success is attributed to its direct engagement with the public and its focus on critical issues facing the nation.