• ലോക്കോ പൈലറ്റ് ക്യാബിനിൽ ദമ്പതികൾ ചിത്രീകരിച്ച റീൽ വൈറലായതോടെ റെയിൽവേയും പുലിവാൽ പിടിച്ചിരിക്കുകയാണ്

മിന്നൽവേഗത്തിൽ പായുന്ന വന്ദേ ഭാരത് ട്രെയിൻ. അതിലെ ലോക്കോ പൈലറ്റ് ക്യാബിനിൽ നിന്ന് ദമ്പതികൾ ചിത്രീകരിച്ച റീൽ സോഷ്യൽ മീഡിയയിൽ വൈറലായതോടെ റെയിൽവേയും പുലിവാൽ പിടിച്ചിരിക്കുകയാണ്. കർശന സുരക്ഷാ നിയന്ത്രണങ്ങളുള്ള ക്യാബിനിൽ ഇവർ എങ്ങനെ പ്രവേശിച്ചുവെന്നതാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം. റെയിൽവേയുടെ സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത മേഖലയാണ് ലോക്കോ പൈലറ്റ് ക്യാബിൻ. അത്തരമൊരു സാഹചര്യത്തിൽ യുവതിയും ഭർത്താവും എങ്ങനെ ക്യാബിനിൽ പ്രവേശിച്ചുവെന്നാണ് റെയിൽവേ സേവ അന്വേഷിക്കുന്നത്.

യുവതിയും ഭർത്താവും ലോക്കോ പൈലറ്റിനൊപ്പം ക്യാബിനിൽ യാത്ര ചെയ്യുന്നതാണ് വീഡിയോയിൽ കാണുന്നത്. പ്രേം ഭരദ്വാജ് എന്നയാളാണ് എക്സിൽ വീഡിയോ പങ്കുവെച്ചത്. വീഡിയോയിലുള്ളത് 'സരിത യാദവ്' എന്ന യുവതിയാണെന്നും, സോഷ്യൽ മീഡിയ റീൽ ചിത്രീകരിക്കുന്നതിനായി കുടുംബത്തോടൊപ്പം വന്ദേ ഭാരത് ട്രെയിനിന്‍റെ ലോക്കോ പൈലറ്റിന്റെ ക്യാബിനിൽ പ്രവേശിച്ചുവെന്നുമാണ് ആരോപണം.

സഞ്ചരിക്കുന്ന ട്രെയിനിന്‍റെ ലോക്കോ പൈലറ്റ് ക്യാബിനുള്ളിൽ സ്ത്രീയുടെയും കസേരയിൽ ഇരിക്കുന്ന പുരുഷന്‍റെയും ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭരദ്വാജ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വന്ദേ ഭാരത് ട്രെയിനിന്‍റെ ലോക്കോ ക്യാബിനിൽ ഇത്തരം പ്രവർത്തികൾ നടത്തുന്നത് നൂറുകണക്കിന് യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകുന്നുണ്ട്.

വീഡിയോ വൈറലായതോടെ, ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്‍റെ നിയന്ത്രിത മേഖലയിലേക്ക് വ്യക്തികൾക്ക് എങ്ങനെ അനധികൃതമായി പ്രവേശനം ലഭിച്ചുവെന്ന ആശങ്കയാണ് നെറ്റിസൺസ് പങ്കുവെക്കുന്നത്. വിഷയം ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക പരാതി പരിഹാര ഹാൻഡിലായ റെയിൽവേ സേവയുടെയും ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് കമന്‍റ് വിഭാഗത്തിൽ റെയിൽവേ സേവ മറുപടി നൽകുകയും ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും, ട്രെയിൻ നമ്പർ, തീയതി, സമയം, മൊബൈൽ നമ്പർ എന്നിവ പങ്കുവയ്ക്കണമെന്ന് റെയിൽവേ സേവ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, വീഡിയോ വൈറലായതിന് പിന്നാലെ 'സരിത യാദവ്' എന്ന പേരിൽ പ്രവർത്തിച്ചിരുന്നുവെന്ന് പറയപ്പെടുന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്തതായോ, നിർജീവമാക്കിയതായോ സംശയമുണ്ട്. ഈ ഗുരുതരമായ സുരക്ഷാ വീഴ്ചയിൽ കർശന നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

സാധാരണയായി റെയിൽവേ ഉദ്യോഗസ്ഥർക്കോ ഡ്യൂട്ടിയിലുള്ള ട്രെയിൻ ക്രൂ അംഗങ്ങൾക്കോ, അല്ലെങ്കിൽ കൃത്യമായ വിസിറ്റിംഗ് പെർമിറ്റോ അംഗീകൃത പാസോ ഉള്ളവർക്കോ മാത്രമാണ് ലോക്കോ പൈലറ്റ് ക്യാബിനിൽ പ്രവേശനാനുമതിയുള്ളത്. റെയിൽവേയുടെ നിയന്ത്രിത മേഖലകളിൽ അനുമതിയില്ലാതെ പ്രവേശിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇതിന് ആറ് മാസം വരെ തടവോ 1,000 രൂപ വരെ പിഴയോ, അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം. സംഭവത്തിൽ സുരക്ഷാ വീഴ്ച കണ്ടെത്തിയാൽ ബന്ധപ്പെട്ട ലോക്കോ പൈലറ്റിനെതിരെയും വകുപ്പുതല നടപടിയുണ്ടാകും.

ENGLISH SUMMARY:

Vande Bharat train reel controversy has Indian Railways investigating unauthorized access to the loco pilot cabin. This security breach has raised concerns among netizens about how individuals gained entry into a strictly controlled area.