tharoor-tea-idli-2

TOPICS COVERED

പൊറോട്ടയും ബീഫും.... പുട്ടും കടലയും....ദോശയും ചമ്മന്തിയും....എന്താ കോംമ്പിനേഷൻ. എന്നാൽ ഇതൊന്നുമല്ല ഇപ്പോഴത്തെ ട്രെൻഡിങ് കോംബോ. ഇഡ്‌ഡലിയും ചായയും. അയ്യേ ഇതൊക്കെ ഒരു കോംമ്പിനേഷൻ ആണോ എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്? ഇതു തന്നെയാ നമ്മുടെ വിശ്വപൗരനും ചോദിച്ചത്. എന്താ സംഭവം എന്നല്ലേ?

സാക്ഷി എന്ന് പേരുള്ള ഒരു സ്ത്രീ  താൻ ചായയിൽ ഇഡ്ഡലി മുക്കി കഴിക്കുന്ന ചിത്രം എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവയ്ക്കുന്നു, ഇതാണ് ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും മികച്ച കോംമ്പിനേഷൻ എന്ന് വിശേഷിപ്പിക്കുന്നു. സംഗതി തരൂരിന്‍റെ കണ്ണിലുടക്കിയതോടെ അദ്ദേഹം അതില്‍ കൊളുത്തി. വലിയൊരു തീന്‍മേശ ചര്‍ച്ചയുടെ തുടക്കം അവിടെയാണ്. 

ഈ വിചിത്ര പരീക്ഷണം കണ്ട് ശശി തരൂർ സാക്ഷിയുടെ പോസ്റ്റ് റീഷെയർ ചെയ്തു. തന്റെ തനത് ശൈലിയിൽ ചിത്രത്തിലെ ഇഡ്ഡലിയുടെ ഗുണനിലവാരത്തെ വിശകലനം ചെയ്ത ശശി തരൂർ, അത് 'എ-ഗ്രേഡ്' ഇഡ്ഡലി അല്ലെന്ന് തുറന്നടിച്ചു. സംഭവം സോഷ്യൽ മീഡിയയിൽ കത്തി.

ചിത്രത്തിൽ കാണുന്ന ഇഡ്ഡലി കട്ടിയുള്ളതും നിറവ്യത്യാസമുള്ളതുമാണെന്നും, അത് ചവച്ചരച്ച് കഴിക്കുമ്പോള്‍ റബർ പോലെയുള്ള ഒന്നാകാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. മൃദുവായ വെളുത്ത ഇഡ്ഡലിയെ വെല്ലാൻ മറ്റൊന്നിനും കഴിയില്ല. താനൊരു കടുത്ത ചായപ്രേമിയാണെങ്കിലും ചായയില്‍ എന്തെങ്കിലും മുക്കി കഴിക്കുന്നതിനോട് യോജിക്കാൻ കഴിയില്ലെന്നും തരൂർ. 

ശരിക്കും നല്ലൊരു മൃദുവായ ഇഡ്ഡലി, ചൂടുള്ള ചായയിൽ മുക്കിയാൽ അത് ലയിച്ചില്ലാതായി പോകും. ചായയുടെ രുചി തന്നെ നശിക്കും. അതേസമയം ചായയിൽ മുക്കാൻ പാകത്തിലുള്ള കട്ടിയുള്ള ഇഡ്ഡലി കഴിക്കാൻ യോഗ്യവുമല്ല. അതുകൊണ്ട് ചായ കപ്പിലും ഇഡ്ഡലി പ്ലേറ്റിലും തന്നെ സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലതെന്ന നിലപാടിലാണ് അദ്ദേഹം.

ശശി തരൂരിന്റെ പോസ്റ്റ് നിമിഷനേരം കൊണ്ട് വൈറലായി. ഭൂരിഭാഗം കമന്റും  അദ്ദേഹത്തിന്റെ അഭിപ്രായത്തെ പിന്തുണച്ചുള്ളതായിരുന്നു. തങ്ങൾക്ക് ഇഷ്ടപ്പെട്ട കോംമ്പിനേഷനും കമന്റ് ബോക്സിൽ അഭിപ്രായമായി നിറഞ്ഞു. ഓരോ നാട്ടുകാര്‍ അവിടെത്തെ പോപ്പുലര്‍ കോംബിനേഷന്‍ പങ്കുവച്ചു. 

ഇഡ്ഡലിയും തേങ്ങാച്ചട്ണിയും, ഇഡ്‌ഡലിയും സാമ്പാറും എല്ലാമാണ് ഇഡ്‌ഡലിയുടെ കിടിലന്‍ കോംമ്പിനേഷന്‍സ് എന്ന് പലരും ചിത്രങ്ങളടക്കം ചേര്‍ത്ത് എഴുതിവിട്ടു. ഐസ്‌ക്രീമിൽ എരിവുള്ള സോസ് ഒഴിക്കുന്നത് പോലെയുള്ള, ഹല്‍വയില്‍ മത്തിക്കറി ഒഴിച്ച പോലുള്ള വിചിത്ര കോംമ്പോയാണിതെന്നാണ് മറ്റു ചിലരുടെ പരിഹാസം. അതെന്താ വിചിത്ര കോംബോ ആകാന്‍ പാടില്ല, ഇഷ്ടപ്പെട്ടാല്‍ കഴിക്കാന്‍ പറ്റില്ല എന്നൊന്നും ഇല്ലല്ലോ എന്ന് മറ്റുചിലര്‍. ഇടയ്ക്ക് ചര്‍ച്ച വിഷയം വിട്ട്, തരൂരിന്‍റെ ഇംഗ്ലീഷിലേക്കും രാഷ്ട്രീയത്തിലേക്കും കയറുന്നുണ്ട്. 

സാധാരണയായി കഠിനമായ ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിക്കാറുള്ള ശശി തരൂർ, ഇത്തവണ എല്ലാവർക്കും മനസ്സിലാകുന്ന ലളിതമായ ഭാഷയിൽ പ്രതികരിച്ചതാണ് ചിലര്‍ കണ്ട തമാശ. ഇമ്മാതിരി ചര്‍ച്ചയ്ക്ക് നില്‍ക്കണ നേരം കൊണ്ട് രാഷ്ട്രീയപ്രവര്‍ത്തനം കുറേകൂടി ഗൗരവത്തില്‍ നടത്തു എന്ന് മറ്റു ചിലരുടെ ഉപദേശവും.

ENGLISH SUMMARY:

The latest food trend involves dipping idli in tea, a combination that has sparked considerable debate, particularly after Sashi Tharoor weighed in with his critical assessment of the idli's quality and the pairing itself.