സഹോദരബന്ധത്തിന്‍റെ ആഴവും സ്‌നേഹവും നിറച്ച് മുന്നേറുന്ന വാഴ 2 ബോക്സ് ഓഫീസില്‍ വിജയയാത്ര തുടരുകയാണ്. സോഷ്യല്‍ മീഡിയ താരങ്ങളായ ഹാഷിര്‍, അലന്‍, വിനായക്, അജിന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനിടെ, ചിത്രത്തെ ഓര്‍മിപ്പിക്കുന്ന ഒരു യഥാര്‍ഥ സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. സ്വന്തം സഹോദരന്‍റെ വിവാഹത്തില്‍ ക്ഷണിക്കപ്പെടാതെ പോയ ചേട്ടന്‍ അപ്രതീക്ഷിതമായി വേദിയില്‍ എത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
കുടുംബകലഹത്തെ തുടര്‍ന്ന് അനുജന്‍റെ വിവാഹ വിവരം പോലും ചേട്ടനെ അറിയിച്ചിരുന്നില്ല. വിവാഹച്ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടയില്‍ പെട്ടെന്ന് വേദിയിലേക്ക് എത്തിയ ചേട്ടനെ കണ്ട അനുജന്‍ ഞെട്ടലോടെ മുന്നോട്ട് ഓടി. ചേട്ടന്‍റെ സാന്നിധ്യം കണ്ട നിമിഷം തന്നെ അനുജന്‍ വികാരാധീനനായി. പിണക്കത്തെ ചോദ്യം ചെയ്ത ചേട്ടന്‍ അനുജന്‍റെ ചെകിടത്ത് ചെറുതായൊന്ന് പൊട്ടിച്ചു. ഒരു അടി കിട്ടിയെങ്കിലും അനുജന്‍ പിന്മാറാതെ ചേട്ടനെ കെട്ടിപ്പിടിച്ച് കരഞ്ഞത് കാഴ്ചക്കാരുടെ മനസിനെ സ്പര്‍ശിക്കുന്ന നിമിഷമായി.
ഈ വിഡിയോയെ പലരും വാഴ ചിത്രത്തിലെ രംഗങ്ങളുമായി താരതമ്യം ചെയ്യുകയാണ്. ‘കൂടെ പിറന്നോരല്ലേ’ എന്ന പാട്ടും ഈ ദൃശ്യങ്ങളോടൊപ്പം പ്രചരിക്കുകയാണ്. “ഇവര്‍ വാഴ കണ്ടിട്ടുണ്ടാകാം” എന്നിങ്ങനെ നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.