rahul

TOPICS COVERED

പാർലമെന്റിലെ വസ്ത്രധാരണത്തെ കുറിച്ചുള്ള ചർച്ചയിൽ രാഹുൽ ഗാന്ധിയുടെ വസ്ത്രധാരണത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു. പാർലമെന്റിലേക്ക് വരുമ്പോൾ പാലിക്കേണ്ട ചില മര്യാദകൾ ഉണ്ടെന്നും വസ്ത്രധാരണവും അതിന്റെ ഭാഗമാണെന്ന് അഭിപ്രായപ്പെട്ട റിജിജു, ടീ-ഷർട്ടുകൾ ഒട്ടും മാന്യതയുള്ളവ അല്ലെന്നും പറഞ്ഞു. 

ടൈംസ് നെറ്റ് വർക്ക് ഗ്രൂപ്പിന്റെ ചർച്ചയിലായിരുന്നു കിരൺ റിജിജുവിന്റെ പ്രതികരണം. പാർലമെന്റിൽ ഒരു ഡ്രസ്സ് കോഡ് വേണോ എന്ന ചോദ്യത്തിന്, പ്രത്യേകമായ ഒരു ഡ്രസിന്റെ ആവശ്യമില്ല. എന്നാൽ മാന്യമായി വരണമെന്നായിരുന്നു കേന്ദ്രമന്ത്രി പ്രതികരിച്ചത്. പ്രതിപക്ഷത്തെ നയിക്കുന്ന പ്രതിപക്ഷ നേതാവ്, പാർലമെന്റിൽ ആ സ്ഥാനത്തിൻ്റെ പ്രതിച്ഛായക്ക് അനുയോജ്യമായ രീതിയിൽ പെരുമാറണം. വ്യക്തിയെ ഞാൻ ബഹുമാനിച്ചില്ലെങ്കിലും, ആ കസേരയെ ബഹുമാനിക്കും എന്നും റിജിജു കൂട്ടിച്ചേർത്തു.

ടീ-ഷർട്ട് മാന്യമായ വസ്ത്രമല്ലേ എന്ന ചോദ്യത്തിന്, ഒരു വ്യക്തി എന്തു ധരിക്കണം എന്നതിനെക്കുറിച്ച് തനിക്ക് വ്യക്തിപരമായ നിർദ്ദേശങ്ങളില്ല. എന്നാൽ ടീ-ഷർട്ട് സാധാരണ വസ്ത്രമായി കണക്കാക്കപ്പെടുന്നു. കുടുംബാംഗങ്ങളോടൊപ്പം ആയിരിക്കുമ്പോൾ, സ്വകാര്യനിമിഷങ്ങളിൽ ആയിരിക്കുമ്പോൾ അത് ധരിക്കുന്നു, എന്നാൽ ഒരു ഔപചാരിക യോഗത്തിൽ ഒരു സാധാരണ ടീ-ഷർട്ട് ധരിക്കില്ല. അത് ഉചിതമായി തോന്നുന്നില്ല എന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

മുൻ ലോക്സഭാ സ്പീക്കറും മുതിർന്ന നേതാവുമായ സോമനാഥ് ചാറ്റർജിയെയും സ്‌പീക്കറായപ്പോൾ വസ്ത്രധാരണത്തിൽ അദ്ദേഹം വരുത്തിയ മാറ്റത്തെ റിജിജു ഉദാഹരണമായി പറഞ്ഞു. 'അദ്ദേഹം അയഞ്ഞ ഷർട്ടുകളും ചെരിപ്പുകളും ധരിച്ചാണ് പാർലമെൻ്റിൽ വന്നിരുന്നത്. എന്നാൽ സ്‌പീക്കറായപ്പോൾ, അദ്ദേഹം വളരെ മാന്യമായി വസ്ത്രം ധരിച്ചു. ആ മാറ്റത്തോടെ അദ്ദേഹം ആ കസേരയ്ക്ക് അനുയോജ്യനായി മാറി'- റിജിജു പറഞ്ഞു.

പ്രതിപക്ഷനേതാവ് എന്ന റോളിന് രാഹുലിന് പക്വതയില്ലെന്നും, പ്രിയങ്ക ഗാന്ധി അനുയോജ്യയായിരിക്കുമെന്നും റിജിജു അഭിപ്രായപ്പെട്ടു. രാഹുൽ ഗാന്ധിയേക്കാൾ പാർലമെന്ററി നടപടികളിൽ പ്രിയങ്ക ഗാന്ധി കൂടുതൽ ശ്രദ്ധാലുവാണെന്നും റിജിജു പറഞ്ഞു. 

ENGLISH SUMMARY:

Rahul Gandhi's attire in Parliament has sparked a debate, with Union Minister Kiran Rijiju criticizing it and suggesting a need for parliamentary decorum. The discussion highlights the importance of appropriate dress in formal political settings and the expectations placed upon opposition leaders.