ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ഏതറ്റം വരെ പോകാം? വെറുമൊരു റീലിന് വേണ്ടി സ്വന്തം അച്ഛനെ ചാക്കിലാക്കി കുറിയര്‍ ഓഫീസില്‍ കൊണ്ടുചെന്ന് കൊടുത്ത് വൈറലാകാനായിരുന്നു ബെംഗളൂരു സ്വദേശിയായ ഒരു യുവതിയുടെ ശ്രമം. വൈലിക്കാവൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു കുറിയര്‍ സർവീസ് ഓഫീസിൽ ഒരു യുവതി, ഭർത്താവ്, ഭര്‍ത്തൃമാതാവ്, ഭര്‍ത്താവിന്‍റെ സഹോദരൻ എന്നിവരടങ്ങുന്ന അഞ്ചംഗ കുടുംബമാണ് പിതാവിനെ വലിയ ചാക്കില്‍ കെട്ടി കുറിയര്‍ ഓഫിസില്‍ എത്തിച്ചത്. പാഴ്സലിനുള്ളിൽ എന്താണെന്ന് ജീവനക്കാർ ചോദിച്ചെങ്കിലും ആരും ഒന്നും മിണ്ടിയില്ല. തുടര്‍ന്ന് സംശയം തോന്നിയ ജീവനക്കാര്‍ പാക്കേജ് തുറന്നപ്പോളാണ് യുവതിയുടെ പിതാവിനെ ചാക്കില്‍ കണ്ടത്. അപ്രതീക്ഷിതമായ ഈ കാഴ്ച ജീവനക്കാരെ അമ്പരപ്പിക്കുകയും പരിഭ്രാന്തരാക്കുകയും ചെയ്തു.
സംഭവത്തിന്‍റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പിതാവ് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നതും വീഡിയോയിൽ കാണാം. റീല്‍സ് ചിത്രീകരിക്കാനായാണ് അച്ഛനെ ചാക്കിലാക്കിയതെന്നാണ് യുവതി പറഞ്ഞത്. ഉഗാദി, റംസാൻ ആഘോഷ സമയത്ത് യാത്രാ ടിക്കറ്റുകൾ ലഭിക്കുക പ്രയാസമാണെന്നും യാത്ര ചെയ്യാൻ എളുപ്പവഴി പറഞ്ഞു കൊടുക്കാൻ വേണ്ടിയാണ് ഇത്തരത്തിലൊരു റീൽസ് ചിത്രീകരിച്ചതെന്നുമാണ് യുവതിയുടെയും കുടുംബത്തിന്‍റെയും വാദം.
കുറിയര്‍ സ്ഥാപനത്തിലെ ജീവനക്കാരോട് പാഴ്സൽ സ്വീകരിക്കാൻ കുടുംബം ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് യുവതിയേയും കുടുംബത്തേയും സ്റ്റേഷനിലെത്തിച്ചു. ഇവരെ താക്കീത് നൽകി പോലീസ് വിട്ടയച്ചു. ഇവരെക്കൊണ്ട് ക്ഷമാപണ വിഡിയോയും പോലീസ് ചെയ്യിച്ചിട്ടുണ്ട്. ഇത്തരം സാഹസങ്ങൾ മേലാല്‍ ആവർത്തിക്കരുതെന്ന കർശനമായ മുന്നറിയിപ്പും പൊലീസ് നല്‍കിയിട്ടുണ്ട്.