aa-rahim-pic-karnataka-new

കർണാടകയിലെ കോൺഗ്രസ് സർക്കാർ ഈ നാടിന് നൽകിയ വാക്ക് വെറും പാഴ് വാക്കായി അവശേഷിക്കുകയാണെന്നും, കോൺഗ്രസ് ഈ നാടിനെയും, നിസ്സഹായരായ പാവം മനുഷ്യരെയും ക്രൂരമായി പറഞ്ഞു പറ്റിച്ചിരിക്കുകയാണെന്നും ഇടത് എംപി എഎ റഹിം. കർണാടകയിലെ ഫക്കീർ കോളനിയിലെയും വസീം ലേ ഔട്ടിലെയും പാവപ്പെട്ട മനുഷ്യരുടെ വീടുകളിലേക്ക് ബുൾഡോസർ ഇടിച്ചു കയറ്റിയിട്ട് ഇന്നലെ ഒരു മാസം പിന്നിട്ടിരിക്കുന്നുവെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. അവരിപ്പോഴും മഞ്ഞിലും മഴയത്തുമാണ്, നമ്മൾ ശബ്ദിച്ചാലേ അവർക്ക് നീതി കിട്ടൂ എന്ന് പറഞ്ഞുകൊണ്ടാണ് റഹിമിന്‍റെ പോസ്റ്റ് ആരംഭിക്കുന്നത്. കഴിഞ്ഞ ദിവസം പകര്‍ത്തിയ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. 

ഒരാളെ പോലും ഇതുവരെ പുനരധിവസിപ്പിച്ചിട്ടില്ല!തകർക്കപ്പെട്ട ആ കല്ലിൻ കൂനകൾക്കിടയിൽ, കീറിപ്പറിഞ്ഞ ചെറിയ ടർപ്പോളിൻ കഷണങ്ങൾ കൊണ്ട് തണലുണ്ടാക്കി കഴിയുന്ന ആ സാധുക്കൾക്ക് ഒരു നേരത്തെ ആഹാരമോ മരുന്നോ പോലും നൽകാൻ ഈ നിമിഷം വരെ കർണാടക സർക്കാർ തയ്യാറായിട്ടില്ല എന്നത് ലജ്ജാകരമാണ്.

​ആരും അറിയാതെ പോകുമായിരുന്ന ഈ ഭരണകൂട ഭീകരത രാജ്യം ശ്രദ്ധിക്കാൻ തുടങ്ങിയത് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിച്ചതിന് ശേഷമായിരുന്നു. പിന്നാലെ ഡി.വൈ.എഫ്.ഐ പ്രതിനിധി സംഘം ഫക്കീർ കോളനി സന്ദർശിച്ചു. 

ആരുടേയും ഉള്ളുലയ്ക്കുന്ന ക്രൂരതയുടെ കാഴ്ചകൾ പുറത്തുവന്നതോടെ കെ.സി. വേണുഗോപാലും, ഡി.കെ. ശിവകുമാറും, കർണാടക മുഖ്യമന്ത്രിയും പ്രതികരിക്കാൻ നിർബന്ധിതരായി. ഉടൻ പുനരധിവാസം നടത്തുമെന്ന് ഈ നാടിനോട് അവർ പരസ്യമായി പറഞ്ഞു.

​എന്നിട്ടെന്തായി? നമ്മളെയും ആ പാവങ്ങളെയും അവർ വീണ്ടും പറ്റിക്കുകയായിരുന്നു!!! കോൺഗ്രസ് ഇതിന് മറുപടി പറയണം. ആ പാവങ്ങൾക്ക് ഭക്ഷണവും മരുന്നും പോലും നൽകാത്തതിന്റെ കാരണം വ്യക്തമാക്കണം. ആ കൊടും തണുപ്പിൽ നിന്നും അവരെ മാറ്റാനോ, മനുഷ്യരായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കാനോ സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണ്? . പ്രഖ്യാപിച്ച ഫ്ലാറ്റുകൾ ഒരു മാസമായിട്ടും നൽകാത്തത് എന്ത് കൊണ്ടാണ്? മനുഷ്യത്വമില്ലാത്ത കോൺഗ്രസ് ഭരണകൂടത്തിന്റെ ഈ ക്രൂരത നാം കാണാതെ പോകരുതെന്നും അദ്ദേഹം പറയുന്നു.

ആ പാവങ്ങൾക്കായി നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന 'സംഗമ'യുടെ നേതൃത്വത്തിൽ നിന്നും, പ്രാദേശിക ഡി.വൈ.എഫ്.ഐ നേതാക്കളിൽ നിന്നും ശേഖരിച്ച വിവരങ്ങളെ ആധാരമാക്കിയാണ് ഈ കുറിപ്പ് തയ്യാറാക്കിയതെന്ന് പറഞ്ഞുകൊണ്ടാണ് എംപി പോസ്റ്റ് അവസാനിപ്പിക്കുന്നത്.  

ENGLISH SUMMARY:

Karnataka Congress is facing criticism over the lack of rehabilitation for Fakir Colony residents. The government's failure to provide basic necessities and promised housing has drawn strong condemnation.