ഇന്‍ഡിഗോയുടെ യാത്രാ പ്രതിസന്ധി ഡിസംബര്‍ 15 വരെ നീളാന്‍ സാധ്യത. ആയിരത്തില്‍ താഴെ വിമാന സര്‍വീസ് ഇന്നും മുടങ്ങുമെന്ന് മുന്‍കൂര്‍ ജാമ്യമെടുത്ത ഇന്‍ഡിഗോയില്‍ പ്രതിസന്ധി ഒഴിയുന്നില്ല. ഡല്‍ഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, അഹമ്മദാബാദ്, പൂണെ എന്നീ വിമാന താവളങ്ങളിലെ തൊള്ളായിരത്തോളം സര്‍വീസുകള്‍ ഇന്നും റദ്ദാക്കി. പൊട്ടിക്കരഞ്ഞും ജീവനക്കാരോട് രോഷം പ്രകടിപ്പിച്ചും യാത്രക്കാര്‍.
പാര്‍ലമെന്‍റ് സമ്മേളനത്തിനിടെ ആഴ്ചാവസാനം കേരളത്തില്‍ പോകാനിരുന്ന എംപിമാരും കുടുങ്ങി. സംയുക്ത പാര്‍ലമെന്‍ററി കമ്മിറ്റിയോ ജുഡീഷ്യല്‍ കമ്മിഷനോ വിഷയം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ഇന്‍ഡിഗോ പ്രതിസന്ധിയില്‍ ധവളപത്രം പുറത്തിറക്കണമെന്ന് കോണ്‍ഗ്രസ്.
അതിനിടെ, പൈലറ്റ് ഡ്യൂട്ടി ചട്ടത്തില്‍ ഇന്‍ഡിഗോയ്ക്ക് ഇളവ് അനുവദിച്ചതില്‍ പൈലറ്റുമാരുടെ സംഘടനകള്‍ പ്രതിഷേധമറിയിച്ചു. ഇന്നലെ ഇന്‍ഡിഗോയുടെ 3.7 ശതമാനം സര്‍വീസുകള്‍ മാത്രമെ കൃത്യസമയം പാലിച്ചിരുന്നുള്ളു. സാധാരണ നില കൈവരിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുമ്പോഴും ഇന്ത്യന്‍ വ്യോമയാന ചരിത്രത്തിലെ ഈ അസാധാരണ പ്രതിസന്ധി ഡിസംബര്‍ 15 വരെ നീണ്ടേക്കും.