ഓടുന്ന കാറിന്‍റെ സൈഡ് മിററില്‍ തൂങ്ങിയാടി പാമ്പ്. നാമക്കല്‍– സേലം റോഡില്‍ നിന്നുള്ള വിഡിയോ എക്സില്‍ വൈറലാണ്. സൈഡ് മിററില്‍ കുടുങ്ങിയ പാമ്പ് വളഞ്ഞും പുളഞ്ഞും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതാണ് വിഡിയോയിലുള്ളത്. പാമ്പ് കാറിനുള്ളിലേക്ക് വീഴുമോ എന്ന ആശങ്കയില്‍ എന്തു ചെയ്യണമെന്ന് ഡ്രൈവറും കാറില്‍ കൂടെയുള്ള സ്ത്രീയും സംസാരിക്കുന്നത് വിഡിയോയില്‍ കാണാം.
കര്‍ണാടക പോര്‍ട്ട്ഫോളിയോ എന്ന എക്സ് അക്കൗണ്ടിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കാറിന്‍റെ വലതുവശത്തെ മിററിലാണ് പാമ്പ് കയറിയത്. സമീപത്ത് കൂടി ബൈക്ക് യാത്രക്കാര്‍ സഞ്ചരിക്കുന്നുമുണ്ട്. അതേസമയം, ഡ്രൈവര്‍ വാഹനം ഒതുക്കി നിര്‍ത്തി സുരക്ഷിതമാക്കുകയായിരുന്നുവെന്ന് കുറിപ്പിലുണ്ട്.
തണുപ്പുള്ള സാഹചര്യങ്ങളില്‍ വാഹനം സ്റ്റാര്‍ട്ട് ചെയ്യുന്നതിന് മുന്‍പ് പാമ്പുകളെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പോടെയാണ് വിഡിയോ. ദീര്‍ഘനേരം പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിന് മുന്‍പ് ശ്രദ്ധയോടെ പരിശോധിക്കണമെന്നും കുറിപ്പിലുണ്ട്. ഇതിനോടകം തന്നെ വിഡിയോ 10 ലക്ഷത്തിലധികം പേരാണ് കണ്ടത്, ഡ്രൈവർ ഉടൻ തന്നെ കാർ നിർത്തണമെന്നും പാമ്പ് തെറിച്ച് സമീപത്തുകൂടി പോകുന്ന മോട്ടോർ സൈക്കിളുകളിൽ വീണിരുന്നെങ്കിൽ അപകടം ഉണ്ടാകുമെന്നുമായിരുന്നു ഒരു കമന്‍റ്.