കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിലൊരാളായി ജീവിതകാലം മുഴുവൻ താനുണ്ടാവുമെന്ന് തമിഴക വെട്രി കഴകം(ടിവികെ) നേതാവ് വിജയ്. തിങ്കളാഴ്ച മഹാബലിപുരത്തെ ഒരു റിസോർട്ടിൽവെച്ച് കരൂരിലെ കുടുംബങ്ങളെക്കണ്ട വിജയ് തൊണ്ടയിടറിയാണ് അവരോട് സംസാരിച്ചത്. വികാരാധീനനായ വിജയ് തങ്ങളുടെ കാലിൽ തൊട്ട് മാപ്പ് ചോദിച്ചതായി സ്ത്രീകൾ മാധ്യമങ്ങളോട് പറഞ്ഞു.
ഇതിനിടെ വിജയ് തന്‍റെ അമ്മയുടെ കാലിൽ പിടിച്ച് കരഞ്ഞതായും മാപ്പാക്കണമെന്ന പറഞ്ഞുവെന്നും കരൂർ ദുരന്തത്തിൽ ഭാര്യയെയും കുഞ്ഞിനെയും നഷ്ടപ്പെട്ട യുവാവ് പറഞ്ഞു. മുടിയൊന്നും ചീകാതെ വിജയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ട് തനിക്ക് സങ്കടം തോന്നിയെന്നും യുവാവ് പറയുന്നു. അതേ സമയം കരൂർ ദുരന്തം നടന്ന് ഒരു മാസമായിട്ടും അവിടം സന്ദർശിക്കാനോ മരിച്ചവരുടെ കുടുംബങ്ങളെ കാണാനോ കഴിയാഞ്ഞതുകൊണ്ടാണ് വിജയ് മഹാബലിപുരത്തെ റിസോർട്ടിൽവെച്ച് കൂടിക്കാഴ്ച ആസൂത്രണംചെയ്തത്. മരിച്ച 41 പേരിൽ 37 പേരുടെ കുടുംബാംഗങ്ങൾ മഹാബലിപുരത്ത് എത്തിയിരുന്നു. പരിക്കേറ്റ ഏതാനും പേരും വന്നു. മരണാനന്തരച്ചടങ്ങുകൾ പൂർത്തിയാവാത്തതുകൊണ്ടാണ് ചില കുടുംബങ്ങൾ വരാതിരുന്നത്. ചിലർ പ്രതിഷേധസൂചകമായി വിട്ടുനിന്നു.
തിക്കിലും തിരക്കിലും മരിച്ച കുട്ടികളുടെ ഫോട്ടോകൾ കണ്ടപ്പോൾ വിജയ്‌യുടെ തൊണ്ടയിടറി. അഞ്ച് ലക്ഷ്വറി ബസ്സുകളിലായാണ് കുടുംബങ്ങളെ ടിവികെ പ്രവർത്തകർ മഹാബലിപുരത്തെത്തിച്ചത്. ഇവർക്കായി റിസോർട്ടിൽ 50 മുറികളെടുത്തിരുന്നു. മാധ്യമപ്രവർത്തകരെ പ്രവേശിപ്പിച്ചിരുന്നില്ല. ദുരന്തത്തിന്റെ അന്വേഷണം ഞായറാഴ്ച സിബിഐ ഔപചാരികമായി ഏറ്റെടുത്തതിനു പിന്നാലെയാണ് വിജയ്‌യുടെ കൂടിക്കാഴ്ച. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് ടിവികെ 20 ലക്ഷം രൂപവീതം നൽകിയിരുന്നു.