ട്രെയിനില്‍ ഭക്ഷണം നല്‍കിയ അലുമിനിയം ഫോയില്‍ കണ്ടെയ്നറുകള്‍ വീണ്ടും കഴുകി ഉപയോഗിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ പ്രതികരണവുമായി റെയില്‍വെ. ദൃശ്യങ്ങളില്‍ കണ്ട ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് നീക്കം ചെയ്തെന്നും കരാര്‍ കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി തുടങ്ങിയെന്നും റെയില്‍വെ വ്യക്തമാക്കി. കമ്പനിക്ക് കനത്ത പിഴ ചുമത്തിയെന്നും ഐആര്‍സിടിസി വ്യക്തമാക്കി.
തമിഴ്നാട്ടിൽനിന്നും ബിഹാറിലേക്ക് പോയ ഈറോഡ് - ജോഗ്ബനി അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനിലാണ് സംഭവം. ഉപയോഗിച്ച ഫുഡ് കണ്ടെയിനറുകൾ വീണ്ടും കഴുകി ഉപയോഗിക്കാന്‍ ശ്രമം നടത്തിയത്. യാത്രക്കാരനാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വിഡിയോ പകര്‍ത്തുന്നതിനിടെ യാത്രക്കാരന്‍ ഇയാളെ ചോദ്യം ചെയ്യുന്നതും കാണാം. ഈ സമയത്ത് ജീവനക്കാരന്‍ പരിഭ്രാന്തനാവുകയായിരുന്നു. തിരിച്ചു അയയ്ക്കാൻ വേണ്ടി കണ്ടെയ്നറുകൾ വൃത്തിയാക്കിയതാണെന്ന് അയാൾ പറഞ്ഞെങ്കിലും പാസഞ്ചർ ഏരിയയിൽ അവ കഴുകുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.
നിന്ദ്യമായ പ്രവര്‍ത്തിയെന്നും കേന്ദ്ര റയില്‍വേ മന്ത്രിക്ക് നാണം തോന്നുന്നില്ലേ എന്നും കോണ്‍ഗ്രസ് ദൃശ്യങ്ങള്‍ പങ്കുവച്ച് ചോദിച്ചു. വിഡിയോ വൈറലായതിന് പിന്നാലെ നിരവധി ആളുകളാണ് പ്രതിഷേധവുമായി എത്തിയത്. കോടികളുടെ അഴിമതിയാണ് നടക്കുന്നതെന്നും യാത്രക്കാരുടെ ആരോഗ്യത്തിന് യാതൊരു വിലയുമില്ലേ എന്നുമാണ് പലരും ചോദിക്കുന്നത്.