സര്‍ക്കാര്‍ സ്കൂളിലാണോ പഠിക്കുന്നത് ? സ്കൂളിന്‍റെ ഐഡി കാര്‍ഡ് കൈവശമുണ്ടോ, ഇല്ലെങ്കില്‍ സ്കൂള്‍ പ്രിന്‍സിപ്പലിന്‍റെ സീലുള്ള കത്തായാലും മതി. കിടിലനായി മുടി വെട്ടിത്തരും ചെന്നൈയിലെ ധനുഷ് സലൂണില്‍. അതും സൗജന്യമായി.

ഇതാണ് കെ.തനികവേലിന്‍റെ ധനുഷ് സലൂണ്‍. ഒരിക്കല്‍ ഇതിന് മുന്നിലെത്തിയ കുട്ടികള്‍ എസി സലൂണില്‍ മുടിവെട്ടുന്നതിന് എത്ര രൂപയാകുമെന്ന് ചോദിച്ചു. തുക കേട്ടപ്പോള്‍ പലരുടേയും മുഖം വാടി. തങ്ങളുടെ മാതാപിതാക്കള്‍ക്ക് താങ്ങാനാവില്ല ഇതെന്ന് പറഞ്ഞു. അതാണ് ടേണിങ് പോയിന്‍റ്. സൗജന്യമായി യൂണിഫോമും ബുക്കുമെല്ലാം കുട്ടികള്‍ക്ക് കൊടുക്കുന്നുണ്ട്. പിന്നെ എന്ത് കൊണ്ട് ഹെയര്‍ കട്ട് ആയിക്കൂടാ. അങ്ങനെ 2015–ല്‍ സര്‍ക്കാര്‍ സ്കൂളുകളിലെ കുട്ടികള്‍ക്ക് തന്‍റെ സലൂണില്‍ സൗജന്യമായി മുടിവെട്ടിക്കൊടുക്കാന്‍ തനികവേല്‍ തീരുമാനിച്ചു.

സലൂണിന്‍റെ മൂന്ന് ബ്രാഞ്ചിലുമായി മാസം 50 മുതല്‍ 100 കുട്ടികള്‍ക്കുവരെ സൗജന്യമായി മുടിവെട്ടി നല്‍കുന്നു. സ്കൂള്‍ ഉള്ള സമയത്ത്  സിംപിള്‍ ആന്‍റ് നീറ്റ് ഹെയര്‍ കട്ടാണ് ചെയ്ത് കൊടുക്കാറ്. വേനലവധിക്കാലത്ത് പക്ഷേ കുട്ടികള്‍ക്ക് ഇഷ്ടമുള്ള സ്റ്റൈലില്‍ വെട്ടിക്കൊടുക്കും. കൂടുതല്‍ സലൂണുകള്‍ ഇത്തരത്തില്‍ മുന്നോട്ട് വരണം എന്നാണ് തനികവേലിന്‍റെ ആഗ്രഹം. എങ്കില്‍ ഒരുപാട് വിദ്യാര്‍ഥികള്‍ക്ക് ഇത് സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY:

Dhanush Salon in Chennai offers free haircuts to government school students with their ID cards, setting a shining example of social service. K. Thanikavel started this initiative in 2015 after seeing students unable to afford AC salon services. The three branches together provide free haircuts to 50 to 100 children monthly, offering different styles during holidays.