നാവിക സഹകരണം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യയും ബ്രിട്ടനും സംയുക്തമായി നടത്തുന്ന കൊങ്കണ്‍–25 എന്ന നാവിക അഭ്യാസത്തിന് ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് തുടക്കമായി. രാജ്യത്തിന്‍റെ തദ്ദേശീയ വിമാന വാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തും ബ്രിട്ടീഷ് റോയല്‍ നേവിയുടെ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വേല്‍സും നയിക്കുന്ന ക്യാരിയര്‍ ബാറ്റില്‍ ഗ്രൂപ്പാണ് അഭ്യാസത്തിന്‍റെ ഭാഗമായിട്ടുള്ളത്. ഒരാഴ്ചയാണ് അഭ്യാസം നീണ്ടുനില്‍ക്കുക. ബ്രിട്ടിഷ് പ്രധാനമന്ത്രി കിയാ സ്റ്റാമര്‍ ഇന്ത്യയിലെത്തുന്ന അവസരത്തിലാണ് നാവിക അഭ്യാസം പുരോഗമിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
എന്താണ് ക്യാരിയര്‍ ബാറ്റില്‍ ഗ്രൂപ്പ് ? .
സഞ്ചരിച്ചുകൊണ്ടേയിരിക്കുന്ന ഒരു വ്യോമതാവളമെന്നോ വിമാന താവളമെന്നോ വിമാന വാഹിനി കപ്പലുകളെ വിശേഷിപ്പിക്കാം. എന്നാല്‍ ഒരിക്കലും വിമാന വാഹിനി കപ്പലുകള്‍ ദൗത്യത്തിനായി ഒറ്റയ്ക്ക് സഞ്ചരിക്കില്ല. ഡിസ്ട്രോയറുകള്‍, ഫ്രിഗേറ്റുകള്‍, സപ്ലൈ കപ്പലുകള്‍, അന്തര്‍വാഹിനികള്‍ എന്നിങ്ങനെ വിവിധ തലങ്ങളിലുള്ള പടക്കപ്പലുകളുടെ അകമ്പടിയോടെയാകും വിമാന വാഹിനി കപ്പലുകള്‍ സഞ്ചരിക്കുക. വിമാന വാഹിനിയുടെ സംരക്ഷണം തന്നെയാണ് ഇത്രയും പടക്കപ്പലുകളുടെ വ്യൂഹത്തിന്‍റെ പ്രധാന ലക്ഷ്യം.
കൊങ്കണ്‍ -25
ഇന്ത്യയുടെ പ്രധാന തീരങ്ങളിലൊന്നായ കൊങ്കണിന്‍റെ പേരിലാണ് ഈ അഭ്യാസം അറിയപ്പെടുന്നത്. 2004 മുതല്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ അഭ്യാസം നടത്താറുണ്ട്. എന്നാല്‍ ഇതാദ്യമായാണ് രണ്ടുരാജ്യങ്ങളുടെയും വിമാന വാഹിനി കപ്പലുകള്‍ ഉള്‍പ്പെടുന്ന ക്യാരിയര്‍ ബാറ്റില്‍ ഗ്രൂപ്പിന്‍റെ അഭ്യാസം. സമുദ്രഘട്ടവും തുറമുഖവും ഉള്‍പ്പെടുന്നതാണ് കൊങ്കണ്‍ – 25. ഇന്ത്യ – ബ്രിട്ടന്‍ നാവിക സഹകരണം വര്‍ധിപ്പിക്കുക മാത്രമല്ല, മാറുന്ന കാലത്തിന് ചേര്‍ന്ന പുത്തന്‍ നാവിക യുദ്ധമുറകള്‍ പരിശീലിക്കുക, ആയുധങ്ങളുടെ ഫയറിങ് പരിശീലനം, നാവികര്‍ തമ്മിലുള്ള ഇടപെടലുകൾ, യുദ്ധകപ്പലുകൾ പരസ്പരം സന്ദർശിക്കൽ, കായിക മല്‍സരങ്ങള്‍ സാസ്കാരിക പരിപാടികള്‍ എന്നിവയും അഭ്യാസത്തിന്‍റെ ഭാഗമാണ്.
എന്തൊക്കെ ലക്ഷ്യങ്ങള്‍
ഇന്തോ – പസഫിക് മേഖലയിലെ സമാധാനം, സ്ഥിരത, നിയമാധിഷ്ഠിത സമുദ്രക്രമം എന്നിവ ഉറപ്പാക്കല്‍, തന്ത്രപരമായ നാവിക സഹകരണം, സമുദ്ര ഭീഷണികളെ നേരിടുക, വിവരങ്ങള്‍ പരസ്പരം പങ്കുവയ്ക്കുക ഇവയെല്ലാം നാവിക അഭ്യാസത്തിന്‍റെ ലക്ഷ്യങ്ങളാണ്.