Image Credit: instagram.com/justbeingaayesha
ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ വെച്ച് സിആർപിഎഫ് ഉദ്യോഗസ്ഥരിലൊരാള്‍ രഹസ്യമായി തന്റെ ഫോട്ടോകൾ എടുത്തതായി ആരോപിച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറും നടിയുമായ ആയിഷ ഖാൻ. ഇയാളെ ചോദ്യം ചെയ്യുന്നതിന്‍റെയും മൊബൈലില്‍ നിന്നും ഫോട്ടോകള്‍ ഡിലീറ്റ് ചെയ്യിപ്പിക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ സഹിതമാണ് യുവതിയുടെ പോസ്റ്റ്. മൂന്ന് ദിവസം മുന്‍പ് പങ്കിട്ട വിഡിയോ ഇതുവരെ നാല് ദശലക്ഷത്തിലധികം പേരാണ് കണ്ടത്.
ഫോൺ കോളിൽ ആണെന്ന് നടിച്ചുകൊണ്ട് ഇയാള്‍ ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു എന്നാണ് യുവതി പറയുന്നത്. ചോദ്യം ചെയ്തപ്പോള്‍ ‘ഞാൻ ഫോട്ടോകൾ ഡിലീറ്റ് ചെയ്തു; അതൊരു ഓട്ടോമാറ്റിക് ഫീച്ചർ ആയിരുന്നു’ എന്നായിരുന്നു മറുപടി. ദൃശ്യങ്ങളില്‍ ഇയാള്‍ കഴുത്തിൽ സിആർപിഎഫ് ഐഡി കാർഡ് ധരിച്ചിരിക്കുന്നതായി കാണാം. യുവതി ചോദ്യം ചെയ്യുന്നതും മറുപടിയുമെല്ലാം വിഡിയോയില്‍ വ്യക്തമാണ്.
ആയിഷ പങ്കുവച്ച പോസ്റ്റിന്‍റെ പൂര്‍ണരൂപം...
2025 സെപ്റ്റംബർ 16 ന് രാവിലെ ഡൽഹി വിമാനത്താവളത്തിൽ (ടെർമിനൽ 1) വെച്ച് എനിക്കൊരു മോശം അനുഭവമുണ്ടായി. ഫോൺ വിളിക്കുകയാണെന്ന് നടിച്ചുകൊണ്ട് ഒരാൾ എന്റെ ചിത്രങ്ങൾ എടുത്തുകൊണ്ടിരുന്നു. ഞാൻ ചോദ്യം ചെയ്തപ്പോള്‍ അയാള്‍ അത് നിഷേധിച്ചു. ഞാന്‍ ഫോണ്‍ കാണിക്കാന്‍ ആവശ്യപ്പെട്ടു. അയാള്‍ അത് കാണിച്ചപ്പോള്‍ അതിലെന്‍റെ ചിത്രങ്ങളുണ്ടായിരുന്നു. എന്റെ കാലുകളുടെ ചിത്രങ്ങൾ ഉണ്ടായിരുന്നു.
ഏറ്റവും ഞെട്ടിക്കുന്ന കാര്യമെന്തെന്നാല്‍ അയാള്‍ ഒരു സിആർപിഎഫ് ഉദ്യോഗസ്ഥനായിരുന്നു. നമുക്ക് സുരക്ഷ ഉറപ്പാക്കേണ്ടയാള്‍. ഒരു വിമാനത്താവളത്തിനുള്ളിൽ, നിരീക്ഷണത്തിൽ, അധികാരികളുടെ വലയത്തിൽ, സായുധ സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഒരു സ്ത്രീ സുരക്ഷിതയല്ലെങ്കിൽ, അവൾക്ക് എവിടെയാണ് സുരക്ഷിതത്വം തോന്നേണ്ടത്? ഇന്ത്യയിലെ സ്ത്രീ സുരക്ഷ ക്രൂരമായ തമാശയായി മാറിയിരിക്കുന്നു. നമ്മെ സംരക്ഷിക്കാൻ ചുമതലപ്പെടുത്തിയവർ തന്നെ ആ വിശ്വാസം ലംഘിക്കുന്നു. അത് മോശം പെരുമാറ്റം മാത്രമല്ല വഞ്ചനയാണ്. ഞാൻ മിണ്ടാതിരിക്കുന്നത് അവസാനിപ്പിച്ചു. ഇത് ശരിയല്ല. ഇത് അവഗണിക്കരുത്. നമുക്ക് മാറ്റം ആവശ്യമാണ്.
യുവതി പങ്കിട്ട വിഡിയോ വൈറലാകുകമാത്രമല്ല, സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് തിരികൊളുത്തുകയും ചെയ്തു. ഒരു വിഭാഗം ആളുകള്‍ യഥാസമയം പ്രതികരിച്ചതിന് യുവതിയെ പ്രശംസിച്ചപ്പോൾ മറ്റുചിലര്‍ അയാളുടെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് ശരിയായില്ലെന്നും അഭിപ്രായപ്പെട്ടു. എന്നാല്‍ ഒരാള്‍ ‘ഇതിനകം നിങ്ങളുടെ ഫോട്ടോകള്‍ പ്രൊഫൈലിലുണ്ട് പിന്നെ ഫോട്ടോ എടുത്താല്‍ എന്താണ് പ്രശ്നം’ എന്ന് ചോദിച്ച് രംഗത്തെത്തുകയുണ്ടായി. പിന്നാലെ ഇയാള്‍ക്കുള്ള മറുപടികളും കണ്‍സന്‍റിനെ കുറിച്ചുള്ള ചര്‍ച്ചകളും ആരംഭിച്ചു. ‘പോസ്റ്റിന് കീഴിൽ അഭിപ്രായങ്ങൾ പറയുന്ന ‘പുരുഷന്മാരോട്’ ലളിതമായ ഒരു ചോദ്യം. ‘നിങ്ങളുടെ ഭാര്യയുടേയോ നിങ്ങളുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും ഒരു സ്ത്രീയുടേയോ ഫോട്ടോ സമ്മതമില്ലാതെ എടുത്താലോ? നിങ്ങള്‍ എങ്ങനെ പ്രതികരിക്കും? ദയവായി ചിന്തിക്കുക’ എന്നാണ് ഒരാള്‍ കുറിച്ചത്.