മിഗ് ട്വന്‍റിവണ്‍ അവസാനമായി ലാന്‍ഡ് ചെയ്തു. ഇന്ത്യയില്‍ ഇനിയൊരു ടേക്കോഫ് ഇല്ല. ആറുപതിറ്റാണ്ടിലേറെ ഇന്ത്യയുടെ ആകാശവും അതിരുകളെയും സംരക്ഷിച്ച പോരാളി. നിര്‍ണായക യുദ്ധങ്ങളില്‍ ഇന്ത്യന്‍ വ്യോമസേനയുടെ നട്ടെല്ലായിരുന്നു ഐക്കണിക് പോര്‍ വിമാനം. മിഗ് 21. ചണ്ഡിഗഡ് വ്യോമസേനാ കേന്ദ്രത്തിലായിരുന്നു മിഗ് ട്വന്‍റിവണിന്‍റെ യാത്രയയപ്പ്.
ഇതിഹാസതുല്യമായ സേവനത്തിനൊടുവില്‍ വ്യോമസേനയില്‍ അവശേഷിച്ചത് രണ്ട് സ്ക്വാഡ്രനുകളായിരുന്നു. പാന്തേഴ്സും കോബ്രാസും. രണ്ടിലുമായി 36 ജെറ്റുകള്‍. അവ പിന്‍വാങ്ങിയതോടെ ഇന്ത്യന്‍ വ്യോമസേനയുടെ പോര്‍വിമാന സ്ക്വാഡ്രനുകളുടെ എണ്ണം 29 ആയി ചുരുങ്ങി.
42 സ്ക്വാഡ്രനുകളാണ് അനുവദിക്കപ്പെട്ടിട്ടുള്ള ശേഷി. എന്തായിരുന്നു ഇന്ത്യയ്ക്ക് മിഗ് ട്വന്‍റിവണ്‍? സോവിയറ്റ് യൂണിന്‍ ലോകം നിയന്ത്രിച്ചിരുന്ന കാലത്ത് രൂപകല്‍പന ചെയ്ത പോര്‍വിമാനം. 1950കളില്‍ മിഖോയന്‍ ഗുരേവിച്ച് ഡിസൈന്‍ ബ്യൂറോയില്‍ രൂപകല്‍പന പൂര്‍ത്തിയാക്കിയ മിഗ് വിമാനങ്ങള്‍ 1963ലാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. സൂപ്പര്‍സോണിക്, അഥവാ ശബ്ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കുന്ന ആദ്യരാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറി. റഷ്യന്‍ സാഹചര്യങ്ങള്‍ക്കുവേണ്ടി രൂപകല്‍പന ചെയ്ത് നിര്‍മിച്ച മിഗിനെ തുടക്കത്തില്‍ ഇന്‍റര്‍സെപ്റ്റര്‍ വിമാനമായാണ് ഇന്ത്യന്‍ വ്യോമസേന ഉപയോഗിച്ചത്. എന്നാല്‍ വ്യോമസേന മെല്ലെ അത് ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും അനുസൃതമായി പരിഷ്കരിച്ചു.
ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്കല്‍ ലിമിറ്റഡിന്‍റെ പങ്കാളിത്തം കൂടി വന്നതോടെ കാര്യങ്ങള്‍ വേഗത്തിലായി. 1971ലെ ഇന്ത്യ–പാക്കിസ്ഥാന്‍ യുദ്ധത്തില്‍ മിഗ് ട്വന്‍റിവണ്ണിന്‍റെ പ്രഹരശേഷി ലോകം കണ്ടു. ധാക്കയിലെ ഗവര്‍ണര്‍ ഹൗസിന്‍റെ ഒത്തനടുക്ക് മിഗ് ബോംബിട്ടതോടെയാണ് പാക്കിസ്ഥാന്‍ കീഴടങ്ങിയത്. പിന്നീടങ്ങോട്ട് ഇന്ത്യയുടെ വ്യോമയുദ്ധനയത്തില്‍ മിഗിന് സുപ്രധാനറോള്‍ ലഭിച്ചു. 500 കിലോ ഭാരമുള്ള രണ്ട് ബോംബുകള്‍ വഹിക്കാന്‍ കഴിയുന്ന വിമാനം നിമിഷനേരം കൊണ്ട് 20 കിലോമീറ്റര്‍ ഉയരത്തിലേക്ക് കുതിച്ചുകയറും. പാക്കിസ്ഥാന്‍ അതിര്‍ത്തിയുടെ 250 കിലോമീറ്റര്‍ ഉള്ളിലുള്ള ലക്ഷ്യങ്ങള്‍ ഭേദിച്ച് തിരികെയെത്താന്‍ അതിന് മിനിറ്റുകള്‍ മതിയായിരുന്നു.
കാര്‍ഗില്‍ യുദ്ധത്തിലും ഏറ്റവും ഒടുവില്‍ ബാലാകോട്ട് ആക്രമണത്തിനുള്ള തിരിച്ചടിയിലും മിഗ് കരുത്ത് തെളിയിച്ചു. 1970കള്‍ മുതല്‍ വ്യോമസേനാ പൈലറ്റുമാരുടെ ഇഷ്ട വിമാനമായി മിഗ് മാറി. പക്ഷികള്‍ ആകാശം ഇഷ്ടപ്പെടുന്നതുപോലെയാണ് താന്‍ മിഗിനെ ഇഷ്ടപ്പെട്ടിരുന്നതെന്ന് 26 വര്‍ഷത്തോളം മിഗ് 21 പറത്തിയ എയര്‍മാര്‍ഷല്‍ പൃഥ്വി സിങ് ബ്രാര്‍ പറഞ്ഞത് വെറുതെയല്ല. പുഷ്കല കാലത്ത് ഇന്ത്യന്‍ വ്യോമസേനയുടെ പോര്‍വിമാനങ്ങളില്‍ മൂന്നില്‍ രണ്ടും മിഗ് ആയിരുന്നു. 1966നും 1980നുമിടയില്‍ 872 മിഗ് ട്വന്‍റിവണ്‍ ഫൈറ്ററുകളാണ് ഇന്ത്യന്‍ വാങ്ങിയത് എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ അതിന്‍റെ പ്രാധാന്യം മനസിലാകും. ഇന്ത്യയും സോവിയറ്റ് യൂണിയനും മാത്രമല്ല, ചൈന, ഈജിപ്ത്, ഇറാഖ് തുടങ്ങി അന്‍പതോളം രാജ്യങ്ങളുടെ വ്യോമസേനകള്‍ മിഗ് ട്വന്‍റിവണിനെ ആശ്രയിച്ചാണ് ശത്രുക്കളെ നേരിട്ടത്.
പക്ഷേ എണ്‍പതുകള്‍ക്കുശേഷം മിഗ് വിമാനങ്ങളുടെ സല്‍പേരിന് കളങ്കമുണ്ടാക്കിക്കൊണ്ട് അപകടങ്ങളുടെ പരമ്പര തന്നെ ഉണ്ടായി. ഇതുവരെ 500 അപകടങ്ങളെങ്കിലും ഉണ്ടായെന്നാണ് സര്‍ക്കാര്‍ കണക്ക്. 2010നുശേഷം 20 വിമാനങ്ങളാണ് തകര്‍ന്നത്. 60 വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 170 പൈലറ്റുമാര്‍. ഇതോടെ ഫ്ലൈയിങ് കോഫിന്‍ എന്ന ദുഷ്പേരും വീണു. എന്നാല്‍ അതിന് മിഗിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല എന്നത് വസ്തുതയാണ്. പഴക്കം ചെന്ന വിമാനങ്ങള്‍ അറ്റകുറ്റപ്പണി നടത്തി ഉപയോഗിച്ചുകൊണ്ടിരുന്നതും പകരം പുതിയ വിമാനങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ എങ്ങുമെത്താതിരുന്നതുമാണ് അപകടങ്ങള്‍ക്ക് വഴിവച്ചത്. ഒടുവില്‍ അനിവാര്യമായ ആ നിമിഷം എത്തി. മിഗ് 21 സ്ക്വാഡ്രന്‍ കളമൊഴിഞ്ഞു. ഇന്ത്യന്‍ പ്രതിരോധരംഗത്തെ സുപ്രധാന അധ്യായത്തിന് തിരശീല.
പകരം ആര് എന്ന ചോദ്യത്തിന് ഇനിയും വ്യക്തമായ ഉത്തരമായിട്ടില്ല. മിഗ് ട്വന്‍റിവണ്ണിന്‍റെ പകരക്കാരാകേണ്ട തേജസ് എല്‍എസി ഇപ്പോഴും പൂര്‍ണതോതില്‍ സേവനരംഗത്തെത്തിയിട്ടില്ല. ആകെയുള്ളത് രണ്ട് സ്ക്വാഡ്രനുകള്‍ മാത്രം. 16 മുതല്‍ 18 വരെ വിമാനങ്ങളാണ് ഒരു ഫൈറ്റര്‍ സ്ക്വാഡ്രനില്‍ ഉണ്ടാകുക. എച്ച്.എ.എല്ലിന് നിന്ന് 180 തേജസ് ലൈറ്റ് കോംപാറ്റ് വിമാനങ്ങളുടെ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെങ്കിലും ഡെലിവറി സ്പീഡ് വളരെ കുറവാണ്. ഇതോടെ പാക്കിസ്ഥാനും ചൈനയും ഉയര്‍ത്തുന്ന ഭീഷണി നേരിടാന്‍ ഇന്ത്യയ്ക്ക് വിദേശത്തുനിന്ന് കൂടുതല്‍ പോര്‍വിമാനങ്ങള്‍ വാങ്ങേണ്ട സാഹചര്യമാണ്.
മിഗിന്‍റെ കാലത്തെ യുദ്ധതന്ത്രങ്ങളും സാങ്കേതികവിദ്യയും ഇല്ല എന്നുള്ളതെങ്കിലും പോര്‍വിമാനങ്ങള്‍ ഇന്നും അങ്ങേയറ്റം തന്ത്രപ്രധാനമായ ആസ്തി തന്നെയാണ്. അതില്ലാതെ പ്രതിരോധം പൂര്‍ണമാവുകയുമില്ല. ഒരു രാജ്യത്തിന്‍റെ മുഴുവന്‍ സുരക്ഷയുടെ താക്കോല്‍ ആയി നിലകൊണ്ട മിഗിന് ഫൈനല്‍ സല്യൂട്ട്!