സുബീൻ ഗാർഗില്ലാത്ത, അദ്ദേഹത്തിന്റെ ഗാനങ്ങൾ അലയടിക്കുന്ന പ്രഭാതത്തിലേക്ക് കടന്ന് അസം. ബോളിവുഡ്, അസമീസ് ഗായകൻ എന്നതിനൊപ്പം സാമൂഹ്യ - സാംസ്കാരിക -രാഷ്ട്രീയ പരിഷ്കരണത്തിന്റെ പാതയിലെ ഉറച്ച ശബ്ദം കൂടിയായിരുന്നു സുബീൻ ഗാർഗ്. ലോകത്തെ അമ്പരിപ്പിച്ച വിലാപയാത്ര ഇതിന് തെളിവാകുന്നു.
'മായാബിനി രതിർ ' എന്ന ഗാനത്തിന്റെ ഹൃദയസ്പർശിയായ ഈണത്തിൽ സുബീൻ ഗാർഗ് അലിഞ്ഞില്ലാതായി എന്ന് വിശ്വസിക്കാനാണ് സംഗീത പ്രേമികൾക്കും അസമുകാർക്കും ഇഷ്ടം. 2001 ൽ പുറത്തിറങ്ങിയ 'ദാഗ്' എന്ന ആസാമീസ് ചിത്രത്തിനു വേണ്ടി എഴുതി, സംഗീതം നൽകി, പാടിയ ഗാനം.
മൂന്ന് പതിറ്റാണ്ട് കൊണ്ട് ശബ്ദം നൽകിയത് 38,000 ഗാനങ്ങൾക്ക്.'യാ അലി' എന്ന ഗാനം സുബിനെ പ്രശസ്തനാക്കിയെങ്കിലും ആ മായാ ലോകത്തേക്ക് കടന്നില്ല.സത്യസന്ധ്യതയെ മുറുകെപ്പിടിച്ച സുബിൻ കാപട്യത്തെ നിരന്തരം വെല്ലുവിളിച്ചു ദരിദ്രരെ സഹായിച്ചു ഭീഷണികളെയും ജീവിതം മുഷിപ്പിച്ച പാരമ്പര്യങ്ങളെയും എതിർത്തു പ്രകൃതിയെ ചേർത്തുപിടിച്ചു അസമിലേക്ക് തന്നെ തിരിച്ചെത്തി. എല്ലാ പ്രായക്കാരുടെയും മനസ്സിനെ ചേർത്ത് പിടിച്ച് അഭിനയവും സംവിധാനവും സ്റ്റേജുകളും പിന്നിട്ട് മുന്നേറി. ലളിതമായ വാക്കുകളിലൂടെ സംസാരിച്ച് സ്വതന്ത്രമായി ആൾക്കൂട്ടത്തിലേക്ക് ഇറങ്ങി. ശബ്ദമുയർത്തേണ്ട വിഷയങ്ങളിൽ പൊതു സ്വീകാര്യതയ്ക്കായി മൗനം പാലിക്കാൻ സുബിൻ തയ്യാറായില്ല.
സിഐഎ സമരത്തിന്റെ മുൻനിരയിൽ വന്നതും ബിഹു പരിപാടികളിൽ ഹിന്ദി ഗാനങ്ങൾ ആലപിക്കരുതെന്ന നിർദ്ദേശം മറികടന്നതും തെറ്റായ രാഷ്ട്രീയത്തെ വിമർശിച്ചതും സുബിനെ വ്യത്യസ്തനാക്കുന്നു. "മനുഷ്യത്വത്തിന്റെ മതത്തിൽ" വിശ്വസിക്കുന്നുവെന്ന സുബിന്റെ വാക്കുകളെ ആവർത്തിക്കുകയാണ് അസം ഇപ്പോൾ.