നഗരങ്ങളിലെ മനോഹരിയാണ് ചണ്ഡിഗഡ്. ഒരു നഗരം പണിതിട്ടാൽ എങ്ങനെ പരിപാലിക്കണമെന്നതിന്റെ വലിയ ഉദാഹരണം. സിപിഐ പാർട്ടി കോൺഗ്രസ് റിപ്പോർട്ട് ചെയ്യാൻ ചണ്ഡിഗഡിലെത്തിയ മനോരമ ന്യൂസ് സംഘം കണ്ട നഗര കാഴ്ചകളിലേക്ക്.
നേരം പുലരുമ്പോൾ മുതൽ ചണ്ഡിഗഡിലെ കാഴ്ചകളാണിത്. നടക്കാനും ഓടാനും ഇറങ്ങുന്നവർ, വ്യായാമത്തിനും വിനോദത്തിനും യാത്രയ്ക്കായും വ്യാപകമായി സൈക്കിൾ ഉപയോഗിക്കുന്നവർ. അമിത ഹോണടിയുടെ പ്രശ്നങ്ങളില്ലാത്ത ശാന്ത സുന്ദര നഗരം. എങ്ങും പച്ചപ്പ്. ചെടികളും മരങ്ങളും ഒരേ വലിപ്പത്തിൽ വളർന്നുനിൽക്കുന്നു. വൃത്തിയുടെ കാര്യത്തിലും നല്ല മാതൃക. വൃത്തികേടാക്കിയ വഴിവക്കുകളോ, പാതയോരങ്ങളോ ഇല്ല. അടിച്ചുതുടച്ച് ഇട്ടപോലെയുള്ള നടപ്പാതകൾ. ഏതോ യൂറോപ്യൻ നഗരമെന്ന് തോന്നിക്കുംവിധം സൈക്കിൾ ട്രാക്കുകൾ. ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കുന്നവർ. പൊതുശൗചാലയങ്ങളിലേക്കുള്ള ദൂരം പോലും റോഡിന്റെ വശങ്ങളിൽ എഴുതിവച്ചിട്ടുണ്ട്. മനോഹരമായ ഉപകാരപ്രദമായ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ.
വർഷങ്ങളായി ചണ്ഡിഗഡിലുള്ള മലയാളികൾക്കും ജീവിക്കുന്ന നാടിനെക്കുറിച്ച് പറയാൻ ഒട്ടേറെയുണ്ട്.കാൽനടയാത്രക്കാരുടെ സ്വർഗമായ സെക്ടർ 17ൽ രാത്രിയായാൽ പിന്നെ മേളമാണ്. ജീവിതം ആഘോഷിച്ച് ജീവിക്കുന്നവരുടെ കേന്ദ്രം. സ്വിസ്-ഫ്രഞ്ച് വാസ്തുശില്പിയായ ലെ കോർബ്യൂസിയർ ആണ് ഈ നഗരം രൂപകൽപ്പന ചെയ്തത്. പഞ്ചാബിന്റെയും ഹരിയാനയുടെയും തലസ്ഥാനവും കേന്ദ്ര ഭരണപ്രദേശമായ ചണ്ഡിഗഡാണ് ഇന്ത്യയിലെ ആദ്യ ആസൂത്രിത നഗരം.