രത്തന്‍ ടാറ്റയുടെ സന്തത സഹചാരിയായിരുന്ന ശന്തനു നായിഡു അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യല്‍ ലോകത്ത് വൈറലായിരിക്കുന്നത്. കാരണം വേറൊന്നുമല്ല ഒരു പെണ്‍കുട്ടിയോടൊപ്പമുള്ള ആറോളം ചിത്രങ്ങളാണ് ശന്തനു പങ്കിട്ടത്. പെണ്‍സുഹൃത്തിന്‍റെ മുഖം വ്യക്തമാകാത്ത രീതിയിലുള്ള ചിത്രങ്ങളാണ് ശാന്തനു പങ്കുവച്ചിരിക്കുന്നതെങ്കിലും ചിത്രങ്ങളോടൊപ്പം പ്രണയബന്ധത്തെക്കുറിച്ച് സൂചന നല്‍കുന്ന വരികളും ഇമോജികളുമുണ്ട് എന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

ശന്തനു പങ്കിട്ട എല്ലാ ഫോട്ടോകളിലും പെണ്‍കുട്ടി മുഖം മറച്ചിരിക്കുകയാണ്. ഇത് ജനശ്രദ്ധയകറ്റാനാണെന്നാണ് കരുതുന്നത്. ‘നമ്മുടെ ആത്മാക്കൾ കണ്ടുമുട്ടിയതല്ല, അവയ്ക്ക് പരസ്പരം ഓർമ്മയുണ്ടായിരുന്നു’ എന്നാണ് അദ്ദേഹം ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കുറിച്ചത്. പങ്കുവച്ച ചിത്രങ്ങള്‍ ഒന്നില്‍ ഇരുവരും സെൽഫി എടുക്കുന്നതായി കാണാം. ട്രെയിനിന്‍റെ പശ്ചാത്തലത്തിലുള്ളതും ലണ്ടനിലെ നാഷണൽ ഗാലറിയിലെ ജലധാരയുടെ പശ്ചാത്തലത്തിൽ ഇരിക്കുന്നതും റസ്റ്റോറന്റില്‍ നിന്നുള്ളതും സ്നോഹത്തോടെ പരസ്പരം നോക്കുന്നതുമായുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. 

പിന്നാലെ കമന്‍റുമായി നെറ്റിസണ്‍സുമെത്തി. ‘ഇത് എഐ ആണെന്ന് പറയൂ’ എന്നാണ് ഒരാള്‍ കുറിച്ചത്. ‘ഇവ ഭംഗിയുള്ള ചിത്രങ്ങളാണ് എന്നാല്‍ എന്‍റെ ഹൃദയത്തെ ഇത് ദശലക്ഷക്കണക്കിന് കഷണങ്ങളായി തകർത്തിരിക്കുന്നു’ എന്ന് മറ്റൊരാള്‍ കുറിച്ചു. പല പെണ്‍കുട്ടികളും തങ്ങളുടെ ഹൃദയം തകര്‍ന്നു പോയെന്ന രീതിയിലുള്ള കമന്റുകളുമായാണ് എത്തിയത്. 

രത്തന്‍ ടാറ്റയുടെ പേഴ്‌സണല്‍ അസിസ്റ്റന്റും ബിസിനസ് ജനറല്‍ മാനേജരുമായിരുന്നു ശന്തനു. രത്തന്‍ ടാറ്റയുടെ 84-ാം ജന്മദിനം ആഘോഷിക്കുമ്പോഴെടുത്ത ഒരു വിഡിയോ പുറത്തുവന്നതോടെയാണ് ശന്തനു ശ്രദ്ധിക്കപ്പെട്ടത്. നിലവില്‍ ടാറ്റ മോട്ടോഴ്‌സില്‍ ജനറല്‍ മാനേജര്‍ ആന്‍ഡ് സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ്സ് മേധാവിയായാണ് ഈ 30 കാരന്‍. പുണെയില്‍ ജനിച്ചു വളര്‍ന്ന ശന്തനു 2014-ല്‍ സാവിത്രിബായ് ഫൂലെ സര്‍വകലാശാലയില്‍നിന്ന് എന്‍ജിനീയറിങ് ബിരുദം നേടി. 2016-ല്‍ കോര്‍ണല്‍ ജോണ്‍സണ്‍ ഗ്രാജ്വേറ്റ് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റില്‍നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തരബിരുദം. പിന്നാലെയാണ് ടാറ്റ ട്രസ്റ്റില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരായി ജോലിക്കെത്തുന്നത്. പിന്നീട് ടാറ്റയുടെ വിശ്വസ്തനും സഹായിയുമായിത്തീരുകയായിരുന്നു. 2022 മേയ് മുതല്‍ മരണം വരെ രത്തന്‍ ടാറ്റയുടെ സന്തത സഹചാരിയായിരുന്നു ശന്തനു നായിഡു.

ENGLISH SUMMARY:

Shantanu Naidu, the trusted aide of late Ratan Tata, has gone viral after posting a series of pictures with a girl on Instagram. Although the woman’s face remains hidden, captions and emojis hint at a romantic relationship, sparking speculation among followers. Netizens flooded the comments with emotional reactions, with many expressing heartbreak. Naidu, who served as Tata’s assistant and now works as General Manager at Tata Motors, rose to public attention during Tata’s 84th birthday celebration. The 30-year-old holds an MBA from Cornell and has been one of Tata’s closest companions until his passing in 2022.