വിദേശരാജ്യങ്ങളിൽ എത്തുന്ന ഇന്ത്യൻ വിനോദസഞ്ചാരികളുടെ പെരുമാറ്റത്തെ കുറിച്ച് നിരവധി വിമര്‍ശനങ്ങള്‍ ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ, ഒരു ഇന്ത്യക്കാരന്‍ തന്നെ ഇന്ത്യക്കാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. പൊതുസ്ഥലത്ത് എങ്ങനെ പെരുമാറണമെന്ന് സാമാന്യബോധം ഇല്ലാത്ത ആളുകള്‍ എന്നാണ് ഉയരുന്ന ആക്ഷേപം.
സിംഗപ്പൂരിലെ ചാങ്കി എയർപോർട്ടിൽ ഒരു കൂട്ടം ഇന്ത്യക്കാർ കാണിച്ച നാണക്കേടുണ്ടാക്കുന്ന പെരുമാറ്റത്തെക്കുറിച്ച് റെഡ്ഡിറ്റിൽ @bsethug എന്ന ഹാൻഡിലിൽ നിന്ന് പങ്കുവെച്ച പോസ്റ്റാണ് വൈറലാകുന്നത്. വിദേശത്ത് യാത്ര ചെയ്യുന്ന ഇന്ത്യക്കാരെ, ദയവായി നിങ്ങൾ മറ്റുള്ളവർക്ക് നാണക്കേട് ഉണ്ടാക്കുന്നത് നിർത്തൂ എന്ന തലക്കെട്ടോടെയാണ് പോസ്റ്റ്.
20 പേരടങ്ങുന്ന ഒരു ഇന്ത്യന്‍സംഘത്തിന്‍റെ വകതിരിവ് വട്ടപ്പൂജ്യമാണെന്നാണ് യുവാവ് പറയുന്നത്. എയര്‍പോര്‍ട്ടില്‍ മുംബൈയിലേക്കുള്ള വിമാനം കാത്തിരിക്കുന്നതിനിടെയാണ് സംഭവം. 20 പേരും വിമാനത്താവളത്തിലെ തറയിൽ വട്ടത്തിലിരുന്ന് ഉച്ചത്തിൽ സംസാരിക്കുകയും ചിരിക്കുകയും ചെയ്ത് മറ്റുള്ളവരെ ബുദ്ധിമുട്ടിച്ചെന്നാണ് പോസ്റ്റില്‍ പറയുന്നത്. ഇവര്‍ തമ്മിലുള്ള സംസാരത്തില്‍ നിന്ന് ഇവര്‍ ഗുജറാത്തികളാണെന്ന് മനസിലായെന്നും പോസ്റ്റില്‍ പറയുന്നു.
സംസാരിച്ച് ബഹളം വച്ചത് കൂടാതെ അതിൽ ഒരാളുടെ കയ്യിലുണ്ടായിരുന്ന ഭക്ഷണപ്പൊതിയിൽ നിന്ന് തറയിലിരുന്ന് എല്ലാവരും വാരിക്കഴിച്ച് അവിടെ മുഴുവൻ വൃത്തികേടാക്കി എന്നും പോസ്റ്റിൽ വിമര്‍ശനമുണ്ട്. ഇങ്ങനെ കഴിക്കുന്ന സമയം അവിടെയുണ്ടായിരുന്ന ബാക്കി യാത്രക്കാര്‍ സംഘത്തെ അറപ്പോടെയും വെറുപ്പോടെയും നോക്കിയെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്. തന്‍റെ സമീപത്തിരുന്ന യാത്രക്കാര്‍ ഇത് ഇന്ത്യക്കാരാണ് എന്നതില്‍ സംശയമില്ല എന്ന് പറഞ്ഞപ്പോള്‍ ശരിക്കും താന്‍ അപമാനിതനായി എന്നും പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു. ഇവർ ബോർഡിങ് സമയത്ത് ക്യൂവിൽ അതിക്രമിച്ചു കയറി പ്രശ്നങ്ങൾ ഉണ്ടാക്കി എന്നും പോസ്റ്റിൽ ആരോപണമുണ്ട്.
പരിസരബോധം തീരെയില്ലാതെ ഇങ്ങനെ പ്രവര്‍ത്തിക്കുന്നത് വളരെ നാണക്കേടാണെന്നും വിദേശ രാജ്യത്ത് താൻ കണ്ടുമുട്ടിയ ഇന്ത്യൻ യാത്രാ സംഘത്തിന്റെ പ്രവൃത്തികളെ ലജ്ജാകരം എന്നല്ലാതെ മറ്റൊന്നും വിളിക്കാൻ ആവില്ലെന്നും പോസ്റ്റിൽ പറയുന്നുണ്ട്.
നിരവധി പേരാണ് പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്. റോഡ്, ഡ്രൈവിംഗ് മര്യാദകൾക്കൊപ്പം ഈ കാര്യങ്ങളും സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതുണ്ട് എന്നാണ് ആളുകളുടെ കമന്‍റ്.