ധര്‍മ്മസ്ഥലയിലെ ദുരൂഹ മരണങ്ങളില്‍ കൂടുതല്‍ പരാതി. 2003 ല്‍ കാണാതായ അനന്യ ഭട്ടെന്ന എം.ബി.ബി.എസ് വിദ്യാര്‍ഥിനിയുടെ കുടുംബമാണു പരാതിയുമായി രംഗത്തെത്തിയത്. നേരത്തെ ധര്‍മ്മസ്ഥലയിലെ ശുചീകരണത്തൊഴിലാളി നിരവധി മൃതദേഹങ്ങള്‍ സംസ്കരിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി രംഗത്തുവന്നിരുന്നു. തുടര്‍ന്നാണ് അന്വേഷണം ആവശ്യപ്പെട്ടത്.
ധര്‍മ്മസ്ഥലയില്‍ തീര്‍ഥാടനത്തിനെത്തിയ നിരവധിപേര്‍ ദുരൂഹസാഹചര്യങ്ങളില്‍ മരിച്ചിരുന്നുവെന്നും താന്‍ മൃതദേഹങ്ങള്‍ സംസ്കരിച്ചിരുന്നുവെന്നും അവകാശപ്പെട്ട് മുന്‍ ശുചീകരണ ജീവനക്കാരന്‍ രംഗത്തെത്തിയിരുന്നു. പേരുവെളിപ്പെടുത്താത്ത ഇയാള്‍ കാട്ടില്‍ കുഴിച്ചിട്ട മൃതദേഹ അവശിഷ്ടങ്ങളുമായി കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരായി മൊഴി നല്‍കി.
1998 മുതല്‍ 2014 വരെയുള്ള കാലയളവില്‍ താന്‍ കുഴിച്ചിട്ടവയില്‍ ചിലതാണന്നവകാശപെട്ടാണു മൃതദേഹാവശിഷ്ടങ്ങള്‍ ഹാജരാക്കിയത്. തൊട്ടുപിറകെയാണു 2003 ല്‍ കാണാതായ മെഡിക്കല്‍ വിദ്യാര്‍ഥി അനന്യ ഭട്ടിന്റെ കുടുംബം പരാതിയുമായി രംഗത്തെത്തിയത്. സഹപാഠിക്കൊപ്പം ധര്‍മ്മസ്ഥലയിലെത്തിയപ്പോഴായിരുന്നു അനന്യ ദൂരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മകളെ തിരക്കിയെത്തിയ തനിക്കു മോശം അനുഭവമുണ്ടായി. ക്ഷേത്രപരിസരത്തു നിന്നും നാലുപേര്‍ പിടിച്ചുക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചെന്നും അനന്യയുടെ അമ്മ ദക്ഷിണ കന്നഡ എസ്.പിക്കു നല്‍കിയ പരാതിയില്‍ പറയുന്നു. അതിനിടെ വെളിപ്പെടുത്തല്‍ നടത്തിയ ശുചീകരണത്തൊഴിലാളിക്കു പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. കേസില്‍ പ്രത്യേക അന്വേഷണ കമ്മിഷനെ നിയോഗിക്കണമെന്ന് കര്‍ണാടക വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.