2019ലെ പുൽവാമ ഭീകരാക്രമണത്തിനായി ഉപയോഗിച്ച സ്ഫോടക വസ്തുക്കൾ വാങ്ങിയത് ഇ-കൊമേഴ്സ് പ്ളാറ്റ്ഫോം വഴിയാണെന്ന് കണ്ടെത്തല്‍. ഭീകരപ്രവർത്തനങ്ങൾക്കായുള്ള ധനസഹായത്തെപ്പറ്റി അന്വേഷിക്കുകയും, കള്ളപ്പണം വെളുപ്പിക്കൽ നിരീക്ഷിക്കുകയും ചെയ്യുന്ന ദി ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സാണ് (എഫ്എടിഎഫ്) ഇക്കാര്യം പുറത്തുവിട്ടത്.
ഭീകരസംഘടനകൾ സ്ഫോടനങ്ങള്‍ നടത്താനായി ഇ-ഓൺലൈൻ പേയ്മെന്റ് സർവീസുകളെയും കൊമേഴ്സ് പ്ളാറ്റ്ഫോമുകളെയും വ്യാപകമായിഉയോഗപ്പെടുത്തുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങളും എഫ്എടിഎഫ് പങ്കുവെയ്ക്കുന്നു. 2022ലെ ഗോരഖ്നാഥ് ക്ഷേത്ര ആക്രമണത്തിലും സ്ഫോടക വസ്തുക്കൾ എത്തിച്ചത് ഓൺലൈനിലൂടെയാണെന്ന് കണ്ടെത്തി. ഐഎസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട പ്രതി ക്ഷേത്ര സുരക്ഷാജീവനക്കാരെയാണ് ആക്രമിച്ചത്. ഐഎസ് പ്രവർത്തകർക്കുവേണ്ടി പ്രതി 6.7 ലക്ഷം പേപാൽ വഴി കൈമാറ്റം ചെയ്തെന്നും എഫ്എടിഎഫ് വെളിപ്പെടുത്തുന്നു.
ഇന്ത്യയെ ഞെട്ടിച്ച പുൽവാമ ആക്രമണത്തില്‍ ഉപയോഗിച്ച സ്ഫോടക വസ്തുവിലെ പ്രധാന അസംസ്കൃത വസ്തു അലൂമിനിയം പൗഡറാണ്. ഓണ്‍ലൈന്‍ വഴിയാണ് ഇത് എത്തിച്ചതെന്നൊണ് എഫ്എടിഎഫിന്റെ കണ്ടെത്തല്‍. പുൽവാമ ആക്രമണത്തിൽ 40 സി.ആർ.പി.എഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഈ സംഭവത്തില്‍ 19 പേരെയാണ് അറസ്റ്റ് ചെയ്തത്. ഭീകരസംഘടനകള്‍ ലൊക്കേഷൻ മറച്ചുവയ്ക്കുന്നതിനായി വിവിധ വിപിഎൻ സർവീസുകൾ ഉപയോഗിച്ചിരുന്നുവെന്നും കണ്ടെത്തലുണ്ട്.