TOPICS COVERED

നടിയും മോഡലും ഗായികയുമായ ഷെഫാലി ജരിവാലയുടെ മരണവാർത്ത ആരാധകരെ അങ്ങേയറ്റം വേദനിപ്പിച്ചു. ഒപ്പം നിരവധി ചോദ്യങ്ങളും. എങ്ങനെ മരിച്ചു ? എന്താണ്  യഥാര്‍ഥ മരണകാരണം. ? അസ്വഭാവിക മരണത്തിനു മുംബൈപോലീസ് കേസെടുത്തതോടെ പല സംശയങ്ങളും ഉയരുന്നു. 

ജൂണ്‍ 27, വെള്ളിയാഴ്ച രാത്രി, ആ വേദനിപ്പിക്കുന്ന വാര്‍ത്തയെത്തി. സ്വന്തം വസതിയില്‍ കുഴഞ്ഞു വീണ ഷെഫാലി ജരിവാല മരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. പിന്നാലെ മുംബൈ പൊലീസ്, ഫൊറൻസിക് സംഘം എന്നിവർ ഷെഫാലിയുടെ വീട്ടിലെത്തി പരിശോധന നടത്തി. ഷെഫാലിയുടെ മരണ കാരണം വ്യക്തമല്ലെന്നാണ് പോലീസ് പറയുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ കൃത്യമായ കാരണം അറിയാന്‍ കഴിയുകയുള്ളൂ. ഹൃദയസ്തംഭനമാണ് കാരണമെന്നു റിപ്പോര്‍ട്ടുകളുണ്ട്. 

ഇതിനിടെ  താരം  പ്രായം കുറയ്ക്കാനുള്ള മരുന്നുകള്‍ ഉപയോഗിച്ചിരുന്നെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഷെഫാലി ആന്‍റി– ഏയ്ജിങ് മരുന്നുകള്‍ ഉപയോഗിച്ചിരുന്നതായി സുഹൃത്തുക്കള്‍ വെളിപ്പെടുത്തുന്നു. ചര്‍മ്മത്തിന്റെ ഘടന മെച്ചപ്പെടുത്തി യുവത്വം നിലനിര്‍ത്താനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഷെഫാലി ചികിത്സ തുടങ്ങിയിരുന്നു

ജൂണ്‍ 27ന്, അതായത് മരിച്ച ദിവസം, ഷെഫാലിയുടെ വീട്ടില്‍ ഒരു പ്രത്യേക പൂജ നടന്നിരുന്നു. അന്നേ ദിവസം താരം ഭക്ഷണം വെടിഞ്ഞ് വ്രതത്തിലായിരുന്നു. എന്നിട്ടും ആന്‍റി– ഏയ്ജിങ് കുത്തിവെപ്പെടുത്തുവെന്നാണ് വെളിപ്പെടുത്തല്‍. മരുന്നിന്‍റെ അമിതോപയോഗം മരണത്തിലേക്ക് നയിച്ചെന്നും സൂചനയുണ്ട്.  സംഭവ ദിവസം രാത്രി പത്തുമണിക്കും പതിനൊന്ന് മണിക്കുമിടയിലാണ് ഹൃദയസ്തംഭനമുണ്ടായത്. പെട്ടെന്ന് ശരീരം വിറച്ചു, തുടര്‍ന്ന് ബോധം നഷ്ടപ്പെട്ടു. ഉടനടി ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ഷെഫാലി കഴിച്ചിരുന്നതെന്ന് പറയപ്പെടുന്ന മരുന്നുകളടക്കം ഫൊറന്‍സിക് സംഘം വീട്ടിലെത്തി ശേഖരിച്ചു. ആന്‍റി–ഏയ്ജിങിനുള്ള കുത്തിവയ്പ്പിനുള്ള മരുന്നുകള്‍, വിറ്റാമിന്‍ ഗുളികകള്‍, വായൂകോപം നിയന്ത്രിക്കുന്നതിനുള്ള ഗുളികകള്‍ എന്നിവയും മുറിയില്‍ നിന്ന് കണ്ടെത്തി. കുട്ടിക്കാലത്ത് തനിക്ക് അപസ്മാരം ഉണ്ടായിരുന്നുവെന്നും അതുമൂലം ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നുവെന്നും ഷെഫാലി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ആ അവസ്ഥയെ മറികടക്കാനായെന്നും ഒന്‍പതു വര്‍ഷമായി രോഗമുക്തയെന്നും താരം വെളിപ്പെടുത്തി.

42 വയസ്സുമാത്രം പ്രായമുളള ഷെഫാലി ജരിവാലയുടെ മരണ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞപ്പോള്‍ അവരെ അറിയുന്ന പലരും നടുക്കത്തോടെയാണ് അതു കണ്ടത്. നടി, മോഡല്‍, ഗായിക എന്നിങ്ങനെ കൈവച്ച മേഖലകളിലെല്ലാം തന്റേതായ ഒരു ടച്ച് നല്‍കാന്‍ ഷെഫാലിക്ക് കഴിഞ്ഞിരുന്നു. 

മരണത്തിനു മൂന്നു ദിവസം മുന്‍പു പോലും തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. ഇന്ത്യന്‍ ടെലിവിഷൻ ചരിത്രത്തിലെ ആദ്യ ഡാന്‍സ് റിയാലിറ്റി ഷോ എന്ന് അറിയപ്പെടുന്ന ബൂഗി വൂഗി എന്ന പോപ്പുലര്‍ ഷോയിലെ പ്രകടനം അവര്‍ക്കു വലിയ കയ്യടികള്‍ നേടിക്കൊടുത്തു. 2002ൽ റിലീസ് ചെയ്ത കാന്താ ലഗാ എന്ന മ്യൂസിക് വിഡിയോ വഴിത്തിരിവായി. സൽമാൻ ഖാനൊപ്പം 2004 ൽ മുജ്സെ ശാദി കരോഗി എന്ന ചിത്രത്തിൽ അഭിനയിച്ചു . 2019-ൽ 'ബിഗ് ബോസ് 13' എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തതോടെ വീണ്ടും ശ്രദ്ധ നേടി. ഈ ഷോയിൽ, മുൻ കാമുകനായിരുന്ന സിദ്ധാർത്ഥ് ശുക്ലയുമായുള്ള ബന്ധം ഏറെ ചർച്ചയായി. 2015 ൽ നടൻ പരാഗ് ത്യാഗിയെ വിവാഹം കഴിച്ചു. നാച് ബലിയേ 5, 7 എന്നീ ഡാൻസ് റിയാലിറ്റി ഷോകളിലും ഭർത്താവ് പരാഗിനൊപ്പം ഷെഫാലി പങ്കെടുത്തു. 2019-ൽ 'ബേബി കം നാ' എന്ന വെബ് സീരീസിലും അഭിനയിച്ചു. 

ENGLISH SUMMARY:

Shefali Jariwala's death probe: Anti-ageing, skin glow medicines, fasting in focus